ലാലുവിനും മകനുമെതിരെ കള്ളപ്പണ കേസ് ചുമത്തണമെന്ന് ഡൽഹി കോടതി
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി കുംഭകോണവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് ഉൾപ്പടെയുള്ളവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തണമെന്ന് ഡൽഹി കോടതി.
ഇതേ വിഷയത്തിലെ സി.ബി.ഐ കേസിൽ ലാലുവിനും 11 പേർക്കുമെതിരെ അഴിമതി കുറ്റം ചുമത്തിയിരുന്നു. ലാലുവടക്കം ഏഴുപേർ കള്ളപ്പണം വെളുപ്പിച്ചെന്ന് ‘ശക്തമായ സംശയ’മുണ്ടെന്നും അന്വേഷണം രാഷ്ട്രീയ നീക്കമായി കരുതാനാകില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു. മറ്റ് ഒമ്പതുപേരെ ജഡ്ജി കേസിൽ വിട്ടയച്ചു. 2004ൽ രണ്ട് ഐ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പ് കൈമാറിയതിന് പട്‌നയിലെ കണ്ണായ സ്ഥലത്ത് ബിനാമി പേരിൽ സ്ഥലം കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് കേസിന് ആധാരമായ ഇടപാടുകൾ നടന്നതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. റാഞ്ചിയിലെയും പുരിയിലെയും റെയിൽവേയുടെ ബി.എൻ.ആർ ഹോട്ടലുകളുടെ നടത്തിപ്പ് കരാർ നടപടിക്രമങ്ങൾ പാലിക്കാതെ സുജാത ഹോട്ടൽസിന് നൽകിയെന്നും ഇതിന് പകരമായി പട്‌നയിലെ വിലപിടിപ്പുള്ള ഭൂമി ലാലു കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് കൈമാറിയെന്നുമാണ് ആരോപണം.
ഭൂമി വിപണി വിലയേക്കാളും സർക്കിൾ നിരക്കിനേക്കാളും വളരെ കുറഞ്ഞ വിലക്കാണ് കൈമാറിയതെന്നും ഹോട്ടൽ കരാറിന് പകരമായുള്ള ഇടപാടായിരുന്നു ഇതെന്നും സി.ബി.ഐ വ്യക്തമാക്കി. പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്തയുമായി ബന്ധമുള്ള കമ്പനി വഴിയാണ് ഭൂമി കൈമാറ്റം നടന്നതെന്നും അന്വേഷണ ഏജൻസി പറയുന്നു.
പിന്നീട് ഭൂമി കൈവശംവെച്ചിരുന്ന കമ്പനിയുടെ ഓഹരികൾ നാമമാത്ര വിലക്ക് വാങ്ങി റാബ്റി ദേവിയും തേജസ്വി യാദവും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണെത്തൽ. ഭൂമിയും ഓഹരികളും സ്വന്തമാക്കാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംശയാസ്പദമാണെന്നും വിവിധ കമ്പനികൾ വഴി പണം കൈമാറിയെന്നും ഇ.ഡി ചാർജ് ഷീറ്റിൽ പറയുന്നു.
ഹോട്ടൽ കരാറിൽ സുജാത ഹോട്ടൽസിന് അനുകൂലമായി ഇടപെട്ടെന്നാരോപിച്ച് 2018 ജൂലൈയിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി കേസെടുത്ത് അന്വേഷണം നടത്തി. കുറ്റം ചുമത്തപ്പെട്ട പ്രതികൾ ഒക്ടോബർ മൂന്നിന് കോടതിയിൽ ഹാജരാകണം. കേസിലെ ആരോപണങ്ങൾ വിചാരണയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.