‘ബി.ജെ.പി സംസ്ഥാനങ്ങൾ മാത്രം ലക്ഷ്യമിടുന്നു’; വിമർശനത്തിന് മറുപടിയുമായി അഭിജീത് ദിപ്കെ രംഗത്ത്

മുംബൈ: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകൾ മാത്രമാണ് സന്ദർശിക്കുന്നതെന്ന വിമർശനം തള്ളി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. പഞ്ചാബ്, കർണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ സന്ദർശിക്കുകയും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ അതത് സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ സംഘടനയുടെ സഹ കൺവീനർ സൗരവ് ദാസും കർണാടകയിൽ ആശുതോഷ് റങ്കയും ഝാർഖണ്ഡിൽ അങ്കിതും സന്ദർശനം നടത്തിയതായി വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച വിഡിയോയിൽ അഭിജീത് ദിപ്കെ പറഞ്ഞു. ഈ സന്ദർശനങ്ങളിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സർക്കാർ അധികൃതർ പരിഗണിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി സൗരവ് ദാസിനെ കൂടിക്കാഴ്ചക്ക് വിളിക്കുകയും ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി ദിപ്കെ പറഞ്ഞു. കർണാടക വിദ്യാഭ്യാസ മന്ത്രി ആശുതോഷ് റങ്കയുമായി കൂടിക്കാഴ്ച നടത്തി ഉന്നയിച്ച വിഷയങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും ജാർഖണ്ഡ് സർക്കാറിൽനിന്നും സമാനമായ പ്രതികരണമുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകൾ സന്ദർശിക്കുന്നതിനെതിരെയും ബി.ജെ.പി സർക്കാറുകളെ മാത്രം ലക്ഷ്യമിടുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ദിപ്കെയുടെ പ്രതികരണം. സ്കൂളുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടുമ്പോൾ എന്തിനാണ് തങ്ങളോട് ഇത്രയധികം എതിർപ്പെന്നും വിദ്യാഭ്യാസത്തോട് ഇത്ര വിരോധം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച സ്കൂളുകളും വിദ്യാഭ്യാസവും ലഭിക്കണമെന്ന ആവശ്യം വിമർശകർ അവഗണിക്കുകയാണെന്നും ദിപ്കെ ആരോപിച്ചു.

അതേസമയം, എം.പി.എസ്.സി പരീക്ഷാ ഉദ്യോഗാർഥി പ്രഥമേഷ് ദേശ്മുഖിന്റെ മരണത്തിലും ദിപ്കെ പ്രതികരിച്ചു. സംഭവത്തെ ‘സംവിധാനം നടത്തിയ കൊലപാതകം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് യുവാക്കൾക്കിടയിൽ സംവരണത്തിനായുള്ള ആവശ്യം ശക്തമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ധാരാശിവിലെ ഖാസാപുരി ഗ്രാമത്തിലെത്തിയ ദിപ്കെ ദേശ്മുഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ജോലി നേടി കുടുംബത്തെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റണമെന്ന സ്വപ്നവുമായാണ് ദേശ്മുഖ് പുണെയിലെത്തിയതെന്ന് കുടുംബം പറഞ്ഞതായി ദിപ്കെ പറഞ്ഞു. ചെലവുകൾക്കായി സുഹൃത്തുക്കളിൽനിന്ന് പണം കടം വാങ്ങിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാഫലം വൈകുന്നതും വിദ്യാർഥികളിൽ സമ്മർദം വർധിപ്പിച്ചതായും തൊഴിലില്ലാമയും ഗ്രാമീണ യുവാക്കൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും സംവിധാനത്തോടുള്ള നിരാശയുമാണ് ഇത്തരം തീരുമാനങ്ങളിലേക്ക് നയിക്കുന്നതെന്നും ദിപ്കെ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Abhijit Dipke Defends School Visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.