ബംഗളൂരുവിൽ ഒല, ഊബർ ഓട്ടോ സർവിസുകൾ നിരോധിക്കുന്നു

ബംഗളൂരു: ഒല, ഊബർ എന്നിവയുടെ ഓട്ടോ സർവിസുകളും റാപ്പിഡോയുടെ ബൈക്ക് ടാക്സി സർവിസും നിർത്താൻ കർണാടക സർക്കാർ നിർദേശം. കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് ഇവർക്ക് നോട്ടീസ് നൽകിയത്. അമിത നിരക്ക് ഈടാക്കുന്നതായ പരാതിയെ തുടർന്നാണ് നടപടി.

ഒക്‌ടോബർ ആറിന് നോട്ടീസ് പുറപ്പെടുവിച്ച വകുപ്പ് മറുപടി നൽകാൻ മൂന്ന് ദിവസത്തെ സമയമാണ് നൽകിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ക്യാബ് അഗ്രഗേറ്റർമാർക്ക് ക്യാബ് സർവിസുകൾക്ക് മാത്രമാണ് ലൈസൻസ് നൽകിയിട്ടുള്ളതെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു. 'പബ്ലിക് സർവിസ് പെർമിറ്റോ കരാറോ ഉള്ള ഡ്രൈവർ ഒഴികെ ആറ് യാത്രക്കാരിൽ കൂടാത്ത സീറ്റിങ് കപ്പാസിറ്റിയുള്ള മോട്ടോർ-ക്യാബ്' എന്നാണ് ഇതിൽ ക്യാബ് സേവനങ്ങളെ നിർവചിച്ചത്.

2020 നവംബറിൽ, ടാക്‌സി അഗ്രഗേറ്റർമാർക്കായി പുതിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. സർക്കാർ മിനിമം ചാർജ് (ആദ്യത്തെ രണ്ട് കിലോമീറ്ററിന്) 30 രൂപയായും കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്നു. ഓരോ അധിക കിലോമീറ്ററിനും 15 രൂപ വീതം കൂടുതൽ വാങ്ങാം. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ഇന്ധന വില വർധനയും പണപ്പെരുപ്പവും കാരണം മിനിമം ചാർജാ് 100 രൂപ വാങ്ങുന്നതായാണ് പരാതി. അവർക്ക് ഓട്ടോ ഓടിക്കാൻ അധികാരമില്ലെന്നും അമിതമായി നിരക്ക് ഈടാക്കുന്നുണ്ടെന്നും ബംഗളൂരു ഗതാഗത അഡീഷനൽ കമീഷണർ ഹേമന്ത കുമാര പറഞ്ഞു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒലയും ഊബർ ഇന്ത്യയും പ്രതികരിക്കാൻ വിസമ്മതിച്ചു. ബംഗളൂരുവിലെ തങ്ങളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും റാപിഡോ പറഞ്ഞു.

Tags:    
News Summary - Ola, Uber auto services are banning in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.