ന്യൂഡൽഹി: നീരവ് മോദി, വിജയ് മല്യ, മഹാദേവ് ബെറ്റിങ് ആപ്പ് തുടങ്ങിയ ശതകോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്‌പെഷ്യൽ ഡയറക്ടറുമായ സത്യബ്രത കുമാർ സർവീസിൽ നിന്നും സ്വയം വിരമിച്ചു. സർവീസിൽ 11 വർഷം ബാക്കിനിൽക്കെയാണ് രാജി.
ഏപ്രിലിൽ കേന്ദ്ര സർക്കാർ ഇദ്ദേഹത്തിന്റെ വി.ആർ.എസ് അപേക്ഷ അംഗീകരിക്കുകയും ഈ മാസം ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 2037ൽ വിരമിക്കേണ്ടിയിരുന്ന അദ്ദേഹം സർവീസിൽ 11 വർഷം ബാക്കിനിൽക്കെയാണ് പദവി ഒഴിയുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് വിരമിക്കലെന്നാണ് വിവരം. ഇ.ഡിയുടെ മുംബൈയിലെ വെസ്റ്റേൺ റീജിയണൽ ഓഫീസിൽ പ്രവർത്തിക്കുമ്പോൾ നിർണായകമായ പല കേസുകളിലും ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
2004 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഒരു വർഷം മുമ്പ് ഇ.ഡിയിൽ നിന്ന് റവന്യൂ സർവീസ് വകുപ്പിലേക്ക് മടങ്ങിയ ശേഷം, പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ കമ്മീഷണർ (അപ്പീൽസ്) ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഏകദേശം 12 വർഷത്തോളം ഇ.ഡിയിൽ പ്രവർത്തിച്ച സത്യബ്രത കുമാർ, ഡെപ്യൂട്ടേഷനിൽ ഏജൻസിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ്.
ഇ.ഡിയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റീജിയണൽ ഓഫീസിന്റെ ചുമതലയുള്ളപ്പോഴാണ് സത്യബ്രത കുമാർ രാജ്യത്തെ പിടിച്ചുകുലുക്കിയ പല പ്രമുഖ കേസുകൾക്കും നേതൃത്വം നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ വജ്രവ്യാപാരികളായ നീരവ് മോദി, മേഹുൽ ചോക്സി എന്നിവർക്കെതിരെയുള്ള 200 കോടി ഡോളറിന്റെ കേസ്, മദ്യരാജാവ് വിജയ് മല്യയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസ്, മഹാരാഷ്ട്രയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള കേസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതികളുടെ വിദേശത്തുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. കൂടാതെ, ഛത്തീസ്ഗഢിലെ രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ് അന്വേഷിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
ഇ.ഡിയിൽ നിന്ന് മാറിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് ഇത് രണ്ടാം തവണയാണ്. 2025 ജൂലൈയിൽ മുൻ ഇ.ഡി ജോയിന്റ് ഡയറക്ടർ കപിൽ രാജും സർവീസിൽ നിന്ന് രാജിവെച്ചിരുന്നു. ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ എന്നിവരെ അറസ്റ്റ് ചെയ്ത കേസുകളിൽ മേൽനോട്ടം വഹിച്ചിരുന്നത് കപിൽ രാജായിരുന്നു. ഔദ്യോഗിക കാലാവധി തീരാൻ 15 വർഷം ബാക്കിനിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.