മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം: സി.എം.ആർ.എൽ അപ്പീൽ ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം ചോദ്യം ചെയ്യുന്ന ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽ ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതടക്കം ചോദ്യം ചെയ്യുന്ന ഹരജി തള്ളിയ സിംഗിൾ ബെഞ്ച്, ഇ.ഡി അന്വേഷണം തുടരാൻ അനുമതിയും നൽകിയിരുന്നു.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഇ.ഡി അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരമുള്ള (പി.എം.എൽ.എ) അന്വേഷണത്തിന് അനുമതി നൽകി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്ന് അപ്പീലിൽ പറയുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, അപ്പീലിനെ ഇ.ഡി ശക്തമായി എതിർക്കും. സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ വീടുകളിലും സി.എം.ആർ.എൽ ഓഫിസുകളിലും നടത്തിയ റെയ്ഡിലെ വിശദാംശങ്ങളും രേഖകളും ഇ.ഡി കോടതിയിൽ സമർപ്പിക്കാനും സാധ്യതയുണ്ട്.

Tags:    
News Summary - CMRL Case ED Probe: Appeal to be Heard Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.