‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മാർച്ചിന് ഫ്ലാഗ് ഓഫ്: നേതാക്കൾ രാംലീല മൈതാനിയിലേക്ക്

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിക്ക് ഫ്ലാഗ് ഓഫ്. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന റാലിയിൽ അണിനിരക്കുന്നതിനായി നേതാക്കൾ മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിലേക്ക് എത്തിത്തുടങ്ങി. ഇന്ത്യ ബ്ലോക്ക് എം.പിമാർ നാലു ബസ്സുകളിലായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് മിന്റോ റോഡിലേക്ക് പുറപ്പെട്ടു. കേരളത്തിൽ നിന്നുള്ള എം.പിമാരും ഇന്ത്യ സഖ്യം നേതാക്കളും മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിലേക്ക് പുറപ്പെട്ടു.

കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും പ്രധാനപ്പെട്ട നേതാക്കൾ അടക്കമുള്ളവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും 12 മണിയോടെ മിന്റോ റോഡിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഒന്നര കി.മീ മാത്രമാണ് രാംലീല മൈതാനത്തേക്കുള്ളത്.

റാലിക്ക് മുന്നോടിയായി ഡൽഹിയിലെ രാംലീല മൈതാനത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. രാംലീല മൈതാനത്തേക്ക് രാവിലെ 5.30 മുതൽ തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. റാലിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറുന്നുണ്ട്.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പോലീസും വോളന്റിയർമാരും സജ്ജരാണെന്ന് ഡി.സി.പി സെൻട്രൽ രോഹിത് രാജ്ബീർ പറഞ്ഞു. മിന്റോ റോഡ്-കനോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് പ്രതിപക്ഷം ആദ്യം മാർച്ച് നടത്തും. ഈ മാർച്ച് രാംലീല മൈതാനത്ത് സമാപിക്കും, തുടർന്നാണ് അവിടെ വൻ റാലി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് പ്രതിപക്ഷം സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതീകാത്മക ഇംപീച്ച്‌മെന്റിന് തൊട്ടുപിറ്റേന്നാണ് ഈ പ്രതിഷേധം നടക്കുന്നത്.

Tags:    
News Summary - protesters gather at Ramlila Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.