'രണ്ടാം സ്വാതന്ത്ര്യ സമരം'; ഇൻഡ്യ മുന്നണിയുടെ റാലിയെ കുറിച്ച് കോൺഗ്രസ് എംപി

ന്യൂഡൽഹി: 'ഇൻഡ്യ' മുന്നണിയുടെ രാംലീല മൈതാനിയിൽ നടത്തുന്ന മഹാറാലിയെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എം.പി പ്രമോദ് തിവാരി. ജനങ്ങളുടെ സ്വപ്നങ്ങൾ തകർന്നെന്നും വോട്ടവകാശം പോലും അട്ടിമറിക്കപ്പെടുന്നുവെന്നുമുള്ള പൊതുജനരോഷമാണ് ഈ ജനക്കൂട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ റാലിക്ക് 1942ലേത് സമാനമായ ആവേശമുണ്ടെന്നും അന്ന് ബ്രിട്ടീഷുകാരാണെങ്കിൽ ഇന്ന് ബി.ജെ.പിയാണുള്ളതെന്ന് തിവാരി മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"ജനങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തുന്നത് ഞങ്ങളുടെ ശ്രമംകൊണ്ടുമാത്രമല്ല, ബി.ജെ.പി സർക്കാരിനെതിരായ ജനങ്ങളുടെ ആഴത്തിലുള്ള രോഷം കൊണ്ടാണ്. തങ്ങളുടെ സ്വപ്നങ്ങൾ തകർക്കപ്പെട്ടുവെന്നും പ്രതീക്ഷകൾ അട്ടിമറിക്കപ്പെട്ടുവെന്നും അവർ കരുതുന്നു. ഇത് വൈകാരികമായി അവരെ റാലിയിലേക്ക് എത്തിക്കുകയാണ്. ഞങ്ങൾ ഒരു വാഹനവും ഏർപ്പാടാക്കിയിട്ടില്ല. ആളുകൾ സ്വന്തം നിലയ്ക്ക് എത്തുകയാണ്. ഒറ്റ വാക്കിൽ രണ്ടാം സ്വതന്ത്ര സമരം പോലെയാണ് തോന്നുന്നത്. ഈ റാലിക്ക് 1942ന്റെ അതേ ആവേശമാണ്. അന്ന് അത് ബ്രിട്ടീഷുകാരായിരുന്നു, ഇന്ന് ബി.ജെ.പി അതേ കാര്യങ്ങൾ ആവർത്തിക്കുകയാണ്," തിവാരി പറഞ്ഞു.

വോട്ടർപട്ടിക വെട്ടിമാറ്റലിലും തെരഞ്ഞെടുപ്പ് കമീഷന്റെ അട്ടിമറികൾക്കുമെതിരെയാണ് 'ഇൻഡ്യ' മുന്നണി രാംലീല മൈതാനിയിൽ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലി നടത്തുന്നത്. എസ്.ഐ. ആർ നടപടികൾക്കെതിരെ പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 5നാണ് റാലി പ്രഖ്യാപിച്ചത്. ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച പ്രതീകാത്മക 'ജനകീയ കുറ്റവിചാരണ'ക്ക് തൊട്ടുപിന്നാലെയാണ് ഈ റാലി.

പ്രതീകാത്മക 'ജനകീയ കുറ്റവിചാരണ'യെ കുറിച്ചും പ്രമോദ് തിവാരി സംസാരിച്ചു. ബി.ജെ.പിക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ ഇംപീച്ച്‌മെന്റ്. ഏകാധിപതികളെ പോലെ പെരുമാറിയ അവർക്ക് പോകേണ്ടി വരുമെന്നും ജനാധിപത്യം തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇൻഡ്യ മുന്നണിയുടെ റാലിയെ പ്രതിരോധിക്കാൻ ബി.ജെ.പി ഡൽഹിയിൽ 1984ലെ സിഖ് വിരുദ്ധ കലാപ പ്രതിഷേധ മാർച്ചും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസിനെ ഉന്നമിട്ട് ഇൻഡ്യ മുന്നണിയുടെ റാലിയുടെ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാർച്ച്. പടിഞ്ഞാറൻ ഡൽഹിയിലെ ഹരി നഗർ ബസ് ഡിപ്പോയിൽ നിന്ന് തിലക് നഗർ മെട്രോ സ്റ്റേഷൻ വരെ രാവിലെ 11:30-ന് ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച് നടക്കുന്നത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്ര സഹമന്ത്രി ഹർഷ് മൽഹോത്ര, സർദാർ എച്ച്.എസ്. ഫൂൽക്ക, ബി.ജെ.പി നേതാവ് മൻജീന്ദർ സിംഗ് സിർസ, എം.പി ബാൻസുരി സ്വരാജ് എന്നിവർ സിഖ് സമുദായ അംഗങ്ങൾക്കൊപ്പം മാർച്ചിൽ അണിനിരക്കും.

ഇരുപക്ഷവും മാർച്ച് സംഘടിപ്പിക്കുന്നതിനാൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 10,000 10,000 പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 250ലധികം സിസിടിവി കാമറകളും ഡ്രോണുകളും പൊലീസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന കാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തും.

Tags:    
News Summary - “Feels like second freedom struggle”: Congress MP Pramod Tiwari On India Bloc March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.