ഇൻഡ്യ മുന്നണിയുടെ മെഗാ റാലിയെ പ്രതിരോധിക്കാൻ ‘ലോക്തന്ത്ര ബച്ചാവോ, അരജക്ത ഹടാവോ’
ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ ഡൽഹിയിലെ മെഗാ റാലിയെ പ്രതിരോധിക്കാൻ ബി.ജെ.പിയുടെ പ്രത്യാക്രമണം. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ റോഹ്തകിൽ ‘ലോക്തന്ത്ര ബച്ചാവോ, അരജക്ത ഹടാവോ’ (ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം തുരത്തുക) മാർച്ച് നടക്കും.
പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണങ്ങളെയും അരാജകത്വത്തെയും പ്രതിരോധിക്കുന്നതിനാണ് ഈ മാർച്ചെന്ന് ബിജെപി വ്യക്തമാക്കി. ഫരീദാബാദിൽ നടക്കുന്ന സമാനമായ പദയാത്രയിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും. ഫരീദാബാദ് എൻഐടിയിലെ ബി.കെ ചൗക്കിൽ നിന്നാണ് ഈ പദയാത്ര ആരംഭിക്കുന്നത്.
റോഹ്തകിലെ ചോട്ടുറാം പോളിടെക്നിക് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന നിതിൻ നബിന്റെ പദയാത്ര മോഡൽ ടൗണിലെ ഡി പാർക്കിൽ സമാപിക്കും. തുടർന്ന് ഡി പാർക്കിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുമെന്നും പാർട്ടി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
നിരാശരായ പ്രതിപക്ഷം അഴിച്ചുവിടുന്ന നുണകളെയും ഗൂഢാലോചനകളെയും ചെറുക്കുന്നതിനുള്ള പ്രത്യയശാസ്ത്രപരമായ മുന്നേറ്റമാണ് ഈ പരിപാടിയെന്ന് ബിജെപി വിശേഷിപ്പിച്ചു. ‘ലോക്തന്ത്ര ബച്ചാവോ, അരജക്ത ഹടാവോ’ എന്ന പ്രതിജ്ഞയുമായി ബിജെപിയുടെ ഓരോ കാര്യകർത്താവും ഗ്രാമങ്ങളിലെ വീടുകൾതോറും എത്തി പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കുമെന്നും യാഥാർഥ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ഹരിയാന ബിജെപി പ്രസിഡന്റ് അർച്ചന ഗുപ്ത, മുതിർന്ന നേതാക്കൾ, പ്രവർത്തകർ, നാട്ടുകാർ എന്നിവർ മാർച്ചിൽ പങ്കെടുക്കും.
എസ്ഐആർ നടപടികൾക്കും വോട്ട് കൊള്ള ആരോപണങ്ങൾക്കുമെതിരെ ഡൽഹി രാംലീലാ മൈതാനത്ത് ഇൻഡ്യ മുന്നണി മെഗാ റാലി നടത്തുന്ന അതേ ദിവസമാണ് ബിജെപിയുടെ ഈ പ്രതിരോധ കാമ്പയിൻ എന്നതും ശ്രദ്ധേയമാണ്. ‘വോട്ടുകൊള്ള’ക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
കൂടാതെ, എസ്ഐആർ നടപടികൾക്കും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസം ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതീകാത്മക കുറ്റവിചാരണയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.