നേപ്പാളിൽ ട്രെക്കിങ്ങിനിടെ ആറ് ഇന്ത്യൻ വിനോദസഞ്ചാരികളെ കാണാതായി
നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമായ ഷെയ്-ഫോക്സുണ്ടോയിലേക്കുള്ള ട്രെക്കിങ്ങിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് ഇന്ത്യൻ വിനോദസഞ്ചാരികളെ കാണാതായി. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഡോൾപോ ബുദ്ധ റൂറൽ മുൻസിപ്പാലിറ്റിയിലെ 4, 8 വാർഡുകളിൽ നിന്ന് ഷെയ്-ഫോക്സുണ്ടോ തടാകത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ കാണാതായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ സേനയുടെ ഒരു സംഘത്തെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ഷെയ്-ഫോക്സുണ്ടോ റൂറൽ മുൻസിപ്പാലിറ്റിയിലെ 4ാം വാർഡിനും 8ാം വാർഡിനും ഇടയിലുള്ള നുംല പാസ്, ബഗ്ല പാസ് എന്നീ പ്രദേശങ്ങളിലാണ് ഇവരെ കാണാതായത്. മഞ്ഞുവീഴ്ച കാരണം പർവത പാതകൾ മുറിച്ചുകടക്കുന്നത് പ്രയാസകരമായിരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിനോദസഞ്ചാരികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര തുടരുകയായിരുന്നു. മടങ്ങിവരുന്ന വഴിക്കാണ് ഇവർ മഞ്ഞിൽ കുടുങ്ങിയതെന്നാണ് നിഗമനം.
പർവത പാതകളിൽ മൊബൈൽ ഫോൺ നെറ്റ്വർക്ക് ലഭ്യമല്ലാത്തതിനാൽ വിനോദസഞ്ചാരികൾ എവിടെയാണെന്നതിനെക്കുറിച്ചോ അവരുടെ അവസ്ഥയെക്കുറിച്ചോ വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണ്. ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ കണക്കനുസരിച്ച്, ആകെ 244 വിനോദസഞ്ചാരികൾ അപ്പർ ഡോൾപയിൽ എത്തിയിട്ടുണ്ട്. ഇതിൽ 149 പേർ നേപ്പാൾ സ്വദേശികളും, 44 പേർ സാർക്ക് രാജ്യങ്ങളിൽ നിന്നുള്ളവരും, 51 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും ജില്ലാ ഭരണകൂടം വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത കാലത്തായി ഷെയ്-ഫോക്സുണ്ടോ തടാക പ്രദേശത്തേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. 2082/83 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ 4,882 വിനോദസഞ്ചാരികളാണ് ഫോക്സുണ്ടോ തടാകം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.