എം.ജെ. അക്ബർ
ന്യൂഡൽഹി: ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ തുറന്നുകാട്ടാനും ഇന്ത്യൻ നിലപാട് വിശദീകരിക്കാനും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ എം.ജെ. അക്ബറിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ. അദ്ദേഹത്തിനെതിരെ ദീർഘകാലമായി നിലനിൽക്കുന്ന ലൈംഗിക പീഡന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
2018-ലെ 'മീടു'വിലൂടെ നിരവധി വനിതാ മാധ്യമപ്രവർത്തകർ അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യൻ സ്ത്രീകളുടെ ബഹുമാനവും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ഒരു ദൗത്യമായി വാഴ്ത്തപ്പെട്ട ഓപറേഷൻ സിന്ദൂറിനുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായി അദ്ദേഹത്തെ അയക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് എൻ.ഡബ്ല്യു.എം.ഐ പറഞ്ഞു. എംജെ അക്ബറിനെപ്പോലുള്ള വ്യക്തി സംഘത്തിൽ ഉൾപ്പെടുത്തുന്നത് ലൈംഗിക പീഡനത്തെ അതിജീവിച്ചവർക്ക് പിന്തിരിപ്പൻ സൂചന നൽകാനും ലിംഗനീതിയുടെ വിഷയങ്ങളിൽ ഇന്ത്യയുടെ വിശ്വാസ്യത കുറക്കാനും സാധ്യതയുണ്ടെന്നും കൂട്ടിചേർത്തു.
ഭീകരതക്കെതിരായ നയത്തെക്കുറിച്ചും ഓപറേഷൻ സിന്ദൂറിലേക്ക് നയിച്ച പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിന് നിയുക്ത രാജ്യങ്ങളിലേക്ക് അതത് പ്രതിനിധികളെ നയിക്കുന്നതിന് ഇന്ത്യൻ സർക്കാർ ഏഴ് എം.പിമാരെ തെരഞ്ഞെടുത്തു.
പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മുൻ നയതന്ത്രജ്ഞർ എന്നിവരടങ്ങുന്ന ഏഴ് ഇന്ത്യൻ പ്രതിനിധികളാണ് സംഘത്തെ നയിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജനതാദൾ (യുനൈറ്റഡ്) നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എം.പി കനിമൊഴി കരുണാനിധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരത് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവരാണ് പ്രതിനിധികൾ. മുതിർന്ന ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിലാണ് അക്ബർ ഉൾപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.