നഴ്‌സുമാരുടെ ജോലി: ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം; കെ.സി. വേണുഗോപാല്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദക്ക് കത്തുനല്‍കി.

ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് നഴ്‌സിങ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ മാറ്റണമെന്ന നിലവിലെ വ്യവസ്ഥ കാരണം നഴ്‌സുമാര്‍ ഏറെ ബുദ്ധമിട്ടു നേരിടുകയാണ്. ഇതുകാരണം കേരളത്തില്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നഴ്സിന് അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കേണ്ട അവസ്ഥയാണ്. കൗണ്‍സില്‍ മാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാലും തുടര്‍നടപടി വൈകുന്നു.

നഴ്‌സുമാരുടെ കൗണ്‍സില്‍ മാറ്റം ഉള്‍പ്പെടെ പരിഹരിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ 2018ല്‍ സജ്ജമാക്കിയ നഴ്‌സസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ് സിസ്റ്റം ഏതാണ്ട് നിലച്ചു. ഇത് കാരണം യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. 36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് 12 ലക്ഷത്തില്‍ താഴെപേര്‍ക്കാണ് എൻ.ആർ.ടി.എസ് രജിസ്‌ട്രേഷന്‍ നമ്പറായ നാഷണല്‍ യുണീക് ഐഡമന്റിഫിക്കേഷന്‍ (എൻ.യു.ഐ.ഡി) നമ്പരുള്ളതെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ആശുപത്രിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവും അനുസരിച്ചാണ് വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി പോലും നടപ്പാക്കപ്പെടുന്നില്ല. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വളരെ പിന്നിലാണ്. പല നഴ്‌സുമാരും കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ശമ്പളം ഉറപ്പാക്കാനുള്ള നടപടിയുണ്ടാകണം. വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാത്തത് ചികിത്സാമേഖലയുടെ ഗുണനിലവാരത്തിന് വെല്ലുവിളിയാണ്. ഇത് കണിക്കിലെടുത്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Nurses' Job: A unified national registration system should be implemented -K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.