കൊൽക്കത്ത ദുരന്തം: പൂജാ കമ്മിറ്റി തലപ്പത്ത് മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് ആരോപണം; സുവേന്ദു അധികാരിക്കെതിരെ തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ദുർഗ പൂജ പന്തലിലുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും പൊലീസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്. ദുരന്തം നടന്ന ചോർബഗാൻ സർബോജനിൻ ദുർഗോത്സവ് സമിതിയുടെ മുഖ്യ രക്ഷാധികാരിയായി മുഖ്യമന്ത്രിയുടെ ബന്ധു ദേബ്ദീപ് അധികാരി പ്രവർത്തിക്കുന്നതായി തൃണമൂൽ ആരോപിച്ചു.

ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയ്ക്കിടെ ചോർബഗാൻ പന്തലിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു ദുരന്തം. അപര്യാപ്തമായ ആൾക്കൂട്ട നിയന്ത്രണം, പൊലീസിന്റെ കുറവ്, അടിയന്തര രക്ഷാപ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര ഘട്ടത്തിൽ പന്തലിന് സമീപം ആവശ്യത്തിന് പൊലീസുകാരോ ആംബുലൻസുകളോ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് തൃണമൂൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രംഗത്തെത്തി. പൂജാ കമ്മിറ്റിയുടെ ഭാരവാഹികളുടെ പട്ടിക പങ്കുവെച്ചുകൊണ്ട് തൃണമൂൽ വക്താവ് കുനാൽ ഘോഷും രംഗത്തെത്തി. ദേബ്ദീപ് അധികാരിയെ മുഖ്യ രക്ഷാധികാരിയായും, പ്രാദേശിക ബി.ജെ.പി എം.എൽ.എ വിജയ് ഓജയെ ചെയർമാനായും, ബി.ജെ.പി നോർത്ത് കൊൽക്കത്ത ജില്ലാ പ്രസിഡന്റ് തമഘ്‌ന ഘോഷിനെ മുഖ്യ ഉപദേശകനായും നിയമിച്ച പുതിയ കമ്മിറ്റി മുൻ കമ്മിറ്റിയെ നിർബന്ധിച്ച് രാജിവെപ്പിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നുവെന്ന് കുനാൽ ഘോഷ് ആരോപിച്ചു.

ആരോപണങ്ങൾ തള്ളി ബി.ജെ.പി; ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തൃണമൂലിന്റെ ആരോപണങ്ങൾ ബി.ജെ.പി സംസ്ഥാന നേതൃത്വം പൂർണമായി തള്ളി. മുഖ്യമന്ത്രിയുടെ ബന്ധു പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും പൂർബ മേദിനിപൂരിലെ കാന്തിയിലാണ് താമസിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ വ്യക്തമാക്കി. ദുരന്തത്തിന്റെ വ്യാപ്തിയിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ ഇതിൽ രാഷ്ട്രീയം കലർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ രാഷ്ട്രീയം മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് ജനം മറുപടി നൽകുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന് സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പ്രഖ്യാപിച്ച ആശ്വാസ നടപടികൾ:

മരിച്ചവരുടെ കുടുംബങ്ങൾക്ക്: 25 ലക്ഷം രൂപ വീതവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും.

പരിക്കേറ്റവർക്ക്: 5 ലക്ഷം രൂപയും മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും.

ഗിരീഷ് പാർക്ക് പൊലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് സ്വമേധയാ കേസെടുത്ത പൊലീസ്, പൂജാ കമ്മിറ്റി ജനറൽ സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ എന്നിവരുൾപ്പെടെ ഏഴ് പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

Tags:    
News Summary - Kolkata Durga Puja Stampede Kills 19: TMC Targets CM Suvendu Adhikari Over Lapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.