എസ്ഐആർ: വോട്ടർ പട്ടികയിൽ നിന്ന് പേര് പോയവർക്ക് ഫോം 6 വഴി തിരിച്ചുവരാം; ആശങ്ക വേണ്ടെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹിയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) ക്കിടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ആശ്വാസം. എണ്ണൽ പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് പേർക്ക് ഫോം 6 സമർപ്പിച്ച് വീണ്ടും പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഇവർ നൽകിയ ഹരജി കോടതി തീർപ്പാക്കി.

താമസ സ്ഥലം മാറിയതിനാൽ എണ്ണൽ ഫോം പൂരിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അതിനെ തുടർന്നാണ് തങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നുമായിരുന്നു ഹരജിക്കാരുടെ പരാതി. നിലവിലുള്ള വോട്ടർമാരായ തങ്ങളോട് പുതിയ വോട്ടർമാർക്കുള്ള ഫോം 6 സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെടുന്നതെന്നും ഇത് ശരിയായ നടപടിക്രമമല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പകരം വിവരങ്ങൾ തിരുത്താനും മണ്ഡലം മാറ്റാനുമുള്ള ഫോം 8 അനുവദിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. പട്ടികയിൽ നിന്ന് പുറത്താക്കിയ നടപടി നീതീകരിക്കാനാവില്ലെന്നും പേര് പുനഃസ്ഥാപിക്കണമെന്നും അവർ വാദിച്ചു.

എന്നാൽ ഇത്തരം പരാതികൾക്ക് ഫോം 6 തന്നെയാണ് ശരിയായ മാർഗമെന്നായിരുന്നു കമ്മീഷന്റെ മറുപടി. 1960-ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം ഫോം 6 സമർപ്പിച്ചാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കമ്മീഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹരജിക്കാർ സ്വന്തം നിലക്കാണ് ഈ സാധ്യത ഉപയോഗിക്കാതിരുന്നതെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

ഫോം 6 പുതിയ വോട്ടർമാർക്കുള്ളതാണെന്നും അതിൽ ആദ്യമായാണ് അപേക്ഷിക്കുന്നതെന്ന് സത്യപ്രസ്താവന നടത്തണമെന്നും അങ്ങനെ ചെയ്താൽ തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പേരിൽ തങ്ങൾക്കെതിരെ നടപടി വരുമോ എന്നായിരുന്നു ഹരജിക്കാരുടെ ആശങ്ക. ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റാൻഡിംഗ് കോൺസൽ തന്നെ ഇലക്ടറൽ ഓഫീസറുടെ നിർദേശപ്രകാരമാണ് ഫോം 6 സമർപ്പിക്കാൻ ആവശ്യപ്പെടുന്നത്. അതുകൊണ്ട് തെറ്റായ സത്യവാങ്മൂലം നൽകിയെന്ന ആരോപണം ഉണ്ടാകുമെന്ന ഭയം അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസുമാരായ ദിനേഷ് മേത്തയും അദിതി ചൗധരിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാർക്ക് താൽപര്യമുണ്ടെങ്കിൽ ഫോം 6 സമർപ്പിക്കാമെന്നും അത് നിയമാനുസൃതമായി പരിഗണിക്കുമെന്നും വ്യക്തമാക്കിയാണ് കോടതി ഹരജി അവസാനിപ്പിച്ചത്.

Tags:    
News Summary - Delhi High Court Voter List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.