മുസഫർനഗർ: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ ആർക്കും വിവാഹം കഴിക്കാമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. ബി.ജെ.പി പ്രവർത്തകർക്ക് ഇനി കശ്മീരിൽ സ്ഥലം വാങ്ങുകയോ അവിവാഹിതരായവർക്ക് അവിടുന്ന് സുന്ദരികളായ കശ്മീരി വനിതകളെ വിവാഹം കഴിക്കുകയും ചെയ്യാമെന്നായിരുന്നു സൈനിയുടെ പ്രസ്താവന.
ബി.ജെ.പി പ്രവർത്തകർ വളരെ ഉത്സാഹത്തിലാണ്. നിങ്ങളിൽ അവിവാഹിതരായവർക്ക് ഇനി കശ്മീരിൽ നിന്നും വിവാഹം കഴിക്കാം. അതൊന്നും ഇന്ന് പ്രശ്നമല്ല. നേരത്തെ കശ്മീരിൽ സ്ത്രീകൾക്കെതിരെ വൻ അതിക്രമങ്ങളാണ് നടന്നിരുന്നത്. കശ്മീരി യുവതി ഉത്തർപ്രദേശിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കുകയാണെങ്കിൽ അവരുടെ പൗരത്വം റദ്ദാക്കുമായിരുന്നു. ഇന്ത്യക്കും കശ്മീരിനും വ്യത്യസ്ത പൗരത്വമായിരുന്നു.
മുസ്ലിം പ്രവർത്തകർക്കും ഇനി സന്തോഷിക്കാം. അവർക്ക് കശ്മീരിലെ വെളുത്ത സുന്ദരികളെ വിവാഹം ചെയ്യാം. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഒരുപോലെ സന്തോഷിക്കാവുന്നതാണ്. രാജ്യത്തിന് മുഴുവനായും സന്തോഷിക്കാനുള്ള നടപടിയാണിത് - വിക്രം സൈനി മുസഫർനഗറിലെ പൊതുയോഗത്തിൽ പറഞ്ഞു.
വിക്രം സൈനിയുടെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി അദ്ദേഹം രംഗത്തെത്തി. കശ്മീരിലെ ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അവിടുത്തെ സ്ത്രീകൾക്ക് എവിടെ നിന്നും വരനെ സ്വീകരിക്കാമെന്ന കാര്യം സത്യമാണെന്നും സൈനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.