ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, തനിക്ക് പെട്ടെന്ന് മുഖ്യമന്ത്രിയാകണമെന്ന ചിന്തയില്ലെന്നും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും കോൺഗ്രസിനെ ശക്തിപ്പെടുത്തി തുടർഭരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസിൽ അച്ചടക്കത്തിനാണ് ഏറ്റവും പ്രാധാന്യമെന്നും ഇന്ത്യ ടുഡേക്ക് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.
“പാർട്ടിയും അച്ചടക്കവുമാണ് പ്രധാനം. ബെലഗാവിയിലെ വർക്കിങ് കമ്മിറ്റി തീരുമാനിച്ച സംഘടനാ മാറ്റത്തിന്റെ വർഷമാണിത്. രാജ്യത്തുടനീളം, എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസുകളും കൂടുതൽ ശക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ഓഫിസ് പണിയുന്നതിനുള്ള ഉത്തരവാദിത്തം നിയമസഭാംഗങ്ങൾ ഏറ്റെടുക്കണം” -ഡി.കെ. ശിവകുമാർ പറഞ്ഞു.
ഡി.കെയെ അടുത്ത രണ്ടര വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോൺഗ്രസ് എം.എൽ.എയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തോട്, തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കസേരയിലേക്ക് ഇപ്പോൾ നോട്ടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പ്രാധാന്യം നൽകുന്നത് അടുത്ത തെരഞ്ഞെടുപ്പിലും അധികാരം നിലനിർത്തുന്നതിനാണെന്നും ഡി.കെ പറഞ്ഞു. കർണാടകയിൽ നേതൃമാറ്റത്തിന് ആലോചനയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്‍റെ പ്രതികരണം വന്നത്.
നേരത്തെ, സുർജേവാല ബംഗളൂരുവിലെത്തിയത് നേതൃമാറ്റ ചർച്ചകൾക്കു വേണ്ടിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. വലിയ വിഭാഗം കോൺഗ്രസ് എം.എൽ.എമാർ ഡി.കെ. ശിവകുമാറിനെ പിന്തുണക്കുന്നുണ്ടെന്നും, സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന ഒക്ടോബറിൽ മുൻധാരണ പ്രകാരം സിദ്ധരാമയ്യ പദവി ഒഴിയുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ കർണാടകയിലെ കോൺഗ്രസ് എം.എൽ.എമാരുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനാണ് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സുർജേവാല കർണാടക സന്ദർശിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.