കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ സി.ആർ.പി.എഫിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി.
നിയമസഭ തെരഞ്ഞെടുപ്പ് സുരക്ഷക്കായി വിന്യസിക്കപ്പെട്ട കേന്ദ്രസേന ഒരു പ്രത്യേക പാർട്ടിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ഇത്തരത്തിലുള്ള ജനാധിപത്യം മുമ്പൊരിക്കലും കണ്ടിട്ടില്ല. നിലവിലെ സംസ്ഥാന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിലല്ല നടക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ അന്യായമായാണ് പെരുമാറുന്നത്. പോളിങ് ബൂത്തുകളിൽ സംസ്ഥാന പൊലീസിന്റെ സാന്നിധ്യം പോലുമില്ല. സി.ആർ.പി.എഫ് രാജ്യത്തിന്റെ അതിർത്തി കാക്കേണ്ടവരാണ്, എന്നാൽ അതിനുപകരം അവർ ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് -ബി.ജെ.പിയുടെ പേര് പരാമർശിക്കാതെ മമത വിമർശിച്ചു.
വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരെയും ടി.എം.സി പ്രവർത്തകരെയും കേന്ദ്ര സേന പീഡിപ്പിക്കുകയാണ്. ഇത് ജനാധിപത്യത്തെ ക്രൂരമായി അടിച്ചമർത്തുന്നതിന് തുല്യമാണ്. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പിന് ഉദാഹരണമാണോ ഇതെന്ന് ചോദിച്ച മമത, എന്തുതന്നെ ആയാലും തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നും പറഞ്ഞു.
കേന്ദ്ര സേന തങ്ങളുടെ പോളിങ് ഏജന്‍റിനെ മർദിക്കുകയും ബൂത്തിനുള്ളിൽനിന്ന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയെന്നും നിരവധി പാർട്ടി പ്രവർത്തകരെ തടവിലാക്കിയെന്നും ടി.എം.സി ആരോപിച്ചിരുന്നു. പശ്ചിമബംഗാളിൽ ഏഴ് ജില്ലകളിലായി 142 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പ്രകാരം വൈകീട്ട് അഞ്ചുവരെ 89.99 ശതമാനം പോളിങ്ങളാണ് രേഖപ്പെടുത്തിയത്. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ ബി.ജെ.പി, സി.പി.എം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബി.ജെ.പി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാൽ റീപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് ബി.ജെ.പി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ടി.എം.സി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.