ന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും നിർവഹിക്കുന്നത് അവരുടെ ജോലിയാണെന്നും അതിനെ തടയാനോ സ്വാധീനിക്കാനോ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം പ്രധാനമന്ത്രി തള്ളി. ട്രെയിനിലെ ടിക്കറ്റ് പരിശോധകനോട് നിങ്ങളെന്തിനാണ് ടിക്കറ്റ് പരിശോധിക്കുന്നതെന്ന് ചോദിക്കുമോ, അത് അവരുടെ ചുമതലയാണ്, അത് പോലെ തന്നെ ഇ.ഡിയും അവരുടെ ചുമതലയാണ് നിർവഹിക്കുന്നത് മോദി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
2014ന് മുമ്പ് ഇ.ഡി 1,800 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അക്കാലത്ത് ഇ.ഡി ഉറങ്ങുകയായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷം 5,000ലധികം കേസുകൾ ഇ.ഡി എടുത്തു. അത് അവരുടെ കാര്യക്ഷമതയെ വ്യക്തമാക്കുന്നതാണ്. 2014ന് മുമ്പ് 84 പരിശോധനകൾ മാത്രമാണ് നടന്നതെങ്കിൽ 2014ന് ശേഷം 7000 പരിശോധനകൾ നടന്നിട്ടുണ്ട്.
2014ന് മുമ്പ് 5,000 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയതെങ്കിൽ 2014ന് ശേഷം 1.24 ലക്ഷം കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത്രയും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയെ എന്തിനാണ് വിമർശിക്കുന്നതെന്ന് മോദി ചോദിച്ചു.
സർക്കാർ വൃത്തങ്ങളോ മാഫിയകളോ എന്ന വിവേചനമില്ലാതെയാണ് ഇ.ഡി കേസെടുക്കുന്നത്. ഇ.ഡി കേസെടുത്തവരിൽ മൂന്ന് ശതമാനം മാത്രമാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളുമായും ബന്ധപ്പെട്ടത്. 97 ശതമാനം കേസുകളും മറ്റ് മേഖലകളിൽ ഉള്ളവർക്കെതിരെയാണ്. നിരവധി ഓഫീസർമാരാണ് ജയിലിൽ കിടക്കുന്നത്. ഇതിനെ കുറിച്ചൊന്നും ആരും പരാമർശിക്കാത്തത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ തെരഞ്ഞെടുപ്പ് റാലികളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും മോദി രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ഇടത് സർക്കാരിന്‍റെ ഭരണരീതി കാരണമാണ് ഖജനാവ് കാലിയായതെന്നും മോദി കുറ്റപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.