ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന് ചൈനയും ജമാഅത്തെ ഇസ്‍ലാമിയും വെല്ലുവിളിയല്ല -അവാമി ലീഗ് പ്രതിനിധികൾ

ധാക്ക: ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് പ്രതിനിധികൾ ഇന്ത്യയിലെത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ബംഗ്ലാദേശ് സർക്കാർ വെല്ലുവിളി നേരിടുന്നുണ്ട്. ഒരു കെയർടേക്കർ അഡ്മിനിസ്ട്രേഷന്റെ മേൽനോട്ടത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)യുടെ ആവശ്യം. ഈ പ്രശ്നത്തിന് കൂടി പരിഹാരം തേടിയാണ് ഹസീനയുടെ അവാമി ലീഗ് പ്രതിനിധികൾ ഇന്ത്യയിലെത്തിയത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത് സാംസ്കാരികവും ഭൂമിശാസ്‍ത്രപരവുമായ ബന്ധമാണെന്ന് അവാമി ലീഗ് സംഘം മാധ്യമങ്ങളോട് പറഞ്ഞു.

ചൈനക്കോ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‍ലാമി പോലുള്ള സംഘടനകൾക്കോ അതിന് തുരങ്കം വെക്കാനാകില്ല. ചൈന ഞങ്ങളുടെ വികസന പങ്കാളിയാണ്. എന്നാൽ അവരുമായുള്ള കൂട്ട്​കെട്ട് ഇന്ത്യക്ക് പ്രശ്നമാവില്ല. ചില ചൈനീസ് കമ്പനികൾ ഇന്ത്യയിലും പ്രവർത്തിക്കുന്നത് കൊണ്ട് അവരുമായുള്ള ബിസിനസിനെ ഞങ്ങൾ ജാഗ്ര​തയോടെയാണ് കാണുന്നത്. ഇന്ത്യയുമായുള്ള ബന്ധം ഞങ്ങൾ അത്രയധികം വിലമതിക്കുന്നു.- പ്രതിനിധി സംഘത്തിന്റെ നേതാവും കാർഷിക മന്ത്രിയുമായ മുഹമ്മദ് അബ്ദുർ റസാഖ് പറഞ്ഞു.

ബംഗ്ലാദേശിലെ ജനങ്ങൾക്ക് ചൈനയെയല്ല, ഇന്ത്യയെ ഒരിക്കലും മറക്കാൻ സാധിക്കില്ല. സ്വാതന്ത്ര്യത്തിനായി ഇന്ത്യ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. ശൈഖ് മുജീബ് റഹ്മാൻ ചൈനയോട് സഹായം തേടിയപ്പോൾ അവർ നിരാകരിക്കുകയാണുണ്ടായത്.-റസാഖ് കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ക്ഷണപ്രകാരമാണ് അവാമി ലീഗ് നേതാക്കൾ ഇന്ത്യ സന്ദർശിച്ചത്. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലുമായും സംഘം കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - No threat to India-Bangladesh ties from China, Jamaat-e-Islami: Awami League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.