തന്‍റെ ഭരണകാലത്ത്​ യു.പിയിൽ ഒറ്റ കലാപം പോലുമുണ്ടായില്ല -യോഗി ആദിത്യനാഥ്​

ലഖ്​നോ: ഉത്തർപ്രദേശിൽ കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. മുൻ സർക്കാറുകളെ ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രസ്​താവന.

'ഉത്തർപ്രദേശിൽ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച്​ നാലരവർഷക്കാലത്തെ ഭരണം പൂർത്തിയാക്കുകയെന്നത്​ വളരെ പ്രധാനമാണ്​. സംസ്​ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വന്നു. നേരത്തേ യു.പിയിൽ കലാപങ്ങൾ ഒരു പ്രവണതയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല' -യോഗി ആദിത്യനാഥ്​ പറഞ്ഞു.

സർക്കാറിന്‍റെ നാലര വർഷക്കാലത്തെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തിയ ബുക്ക്​ലെറ്റ്​ പ്രസിദ്ധീകരിക്കുകയായിരുന്നു ആദിത്യനാഥ്​. 2022ൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ബി.ജെ.പി ഭരണത്തിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനപിന്തുണ നേടുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി യോഗി സർക്കാർ നാലരവർഷം തികക്കുന്നത്​ ആഘോഷമാക്കാനാണ്​ ബി.ജെ.പിയുടെ തീരുമാനം.

യു.പി ബിസിനസ്​ സൗഹൃദ സംസ്​ഥാനമാക്കി മാറ്റിയതായും യോഗി അവകാശപ്പെട്ടു​. രാജ്യത്ത്​ രണ്ടാമത്തെ ബിസിനസ്​ സൗഹൃദ സംസ്​ഥാനമായി യു.പി മാറിയെന്നായിരുന്നു പ്രസ്​താവന.

2017ലാണ്​ യു.പിയിൽ യോഗി ആദിത്യനാഥ്​ സർക്കാർ അധികാര​ത്തിലെത്തിയത്​. യോഗി സർക്കാർ ഞായറാഴ്ച ഭരണത്തിലേറി നാലരവർഷം തികയും. ഇതോടനു​ബന്ധിച്ച്​ ബി.ജെ.പി എം.എൽ.എമാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ സംസ്​ഥാന സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി 27,700 ശക്തി കേന്ദ്രങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. 

Tags:    
News Summary - no riot took place in the 4 and Half years of BJP rule CM Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.