സ്വാതന്ത്ര്യം നിഷേധിക്കലും വിദ്വേഷപരമായ അന്വേഷണവും ഒഴികെ ജയിലിൽ എനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല -ഉമർ ഖാലിദ്

ന്യൂഡൽഹി: സ്വാതന്ത്ര്യം നിഷേധിക്കലും വിദ്വേഷപരമായ അന്വേഷണവും ഒഴികെ ജയിലിൽ തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോടതിയോട് ഉമർ ഖാലിദ്. ജയിലിൽ ഖാലിദ് നേരിട്ടതായി നേരത്തെ പറഞ്ഞ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്ന അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്തിന്‍റെ ചേദ്യത്തിന് മറുപടിയായാണ് ഖാലിദ് ഇക്കാര്യം പറഞ്ഞത്.

വീഡിയോ കോൺഫറൻസിലൂടെയാണ് ഖാലിദിനെയും മറ്റൊരു വിദ്യാർത്ഥി ഷാർജീൽ ഇമാമിനെയും കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും നവംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് നീട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.

നേരത്തേ തങ്ങൾക്ക് വസ്ത്രം, മരുന്ന്, കുടുംബങ്ങളിൽ നിന്നുള്ള കത്തുകൾ എന്നിവ നിഷേധിച്ചതായി ഇവർ പരാതിപ്പെട്ടിരുന്നു. പരിഹാരം ഉണ്ടാക്കാൻ കോടതി തിഹാർ ജയിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്നായിരുന്നു കോടതി വീണ്ടും ജയിലിലെ പ്രയാസങ്ങൾ സംബന്ധിച്ച് ചോദിച്ചത്.

ഡൽഹി കലാപത്തിന്​ ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ചാണ്​ ആക്​റ്റിവിസ്​റ്റ്​ ഉമർ ഖാലിദിനെ അറസ്​റ്റ്​ ചെയ്​തിരുന്നത്. കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദി​ന്​ മേൽചുമത്തിയ കുറ്റം.

കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായ മറ്റ് 15 പേരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ്​ തലസ്​ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ വർഗീയ കലാപം അരങ്ങേറിയത്​. വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്​ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്​​. ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്​നിക്കിരയാക്കി.

കലാപത്തിന്​ തുടക്കമിട്ട കപിൽ മിശ്രക്കെതിരെ ഡൽഹി പൊലീസ്​ ഇതുവരെ നടപടി എടുത്തില്ല. പകരം, സമാധാനപരമായി സമരം നടത്തിയ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെയാണ്​ വേട്ടയാടിയത്​. സി.എ.എ വിരുദ്ധ സമരക്കാർ ഗൂഢാലോചന നടത്തിയാണ്​ കലാപം സൃഷ്​ടിച്ചതെന്ന്​ വരുത്തിത്തീർക്കാനാണ്​ പൊലീ​സിൻെറ ശ്രമം.

വനിതകളടക്കം നിരവധി നേതാക്കളെയാണ്​ ഇതിനകം അറസ്​റ്റ്​ ചെയ്​്​ത്​ ജയിലിലടച്ചത്​. എന്നാൽ, സമരത്തിൽ സജീവസാന്നിധ്യമായ ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കുന്ന ഒരുതെളിവും സംഘടിപ്പിക്കാൻ പൊലീസിന്​ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിൽ തൻെറ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി​ കള്ളമൊഴി ​ശേഖരിക്കാൻ പൊലീസ്​ ശ്രമിക്കുകയാണെന്നാണ്​​ ​ഉമർ ഖാലിദ്​ നേരത്തെ പൊലീസ് കമീഷണർക്ക്​ എഴുതിയ കത്തിൽ പറഞ്ഞിരുന്നത്​.

Tags:    
News Summary - No problem, except for curbing of liberties and malicious investigation: Umar Khalid to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.