ഇന്ത്യക്കാരനെന്ന് തെളിയിക്കാൻ ഹിന്ദി പഠിക്കൽ നിർബന്ധമല്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ്

ചെന്നൈ: സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഇനിമുതല്‍ ഹിന്ദി ഉപയോഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കീറാമുട്ടിയാകുന്നു. ഒടുവിൽ അമിത് ഷായുടെ വാദങ്ങൾ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തന്നെ രംഗത്തുവന്നു. ഒരാൾ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഹിന്ദി പഠിക്കണമെന്നത് നിർബന്ധമില്ലെന്നാണ് തമിഴനാട് ബി.ജെ.പി പ്രസിഡന്റ് കെ അണ്ണാമലൈ ഇന്ന് പറഞ്ഞത്. പ്രാചീന തമിഴ് ഭാഷയ്ക്ക് ദേശീയതയെ കൂട്ടിയിണക്കുന്ന ഭാഷയാകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത്ഷായുടെ പ്രസ്താവനക്ക് പിന്നാലെ സംസ്ഥാനത്ത് ഉയർന്നുവന്ന ഹിന്ദി, സംസ്‌കൃത വിരുദ്ധ പ്ര​​ക്ഷോഭത്തിന് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും പൂർണപിന്തുണയുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മുൻ ദേശീയ പ്രസിഡന്റ് കൂടിയായ അമിത്ഷായെ തള്ളി അണ്ണാമലൈ രംഗത്തെത്തിയത്. "ഒരാൾ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഒരു ഭാഷ പഠിക്കണമെന്ന നിർബന്ധമില്ല. തൊഴിൽ അല്ലെങ്കിൽ ഉപജീവന പ്രശ്‌നങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരാൾക്ക് ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും എല്ലാവരും അവരുടെ പ്രാദേശിക ഭാഷകൾപഠിക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്' അണ്ണാമലൈ പറഞ്ഞു.

ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്നും എന്നാൽ, തമിഴിന് ​​പകരം ഹിന്ദിയോ ഏതെങ്കിലും ഭാഷയോ പഠിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പൊൻ രാധാകൃഷ്ണൻ പറഞ്ഞു. തമിഴ് ഏറ്റവും പഴക്കമുള്ള ഭാഷയാണെന്നും സംസ്‌കൃതത്തേക്കാൾ പഴക്കമുണ്ടെന്നും മനോഹരമാണെന്നും പ്രധാനമന്ത്രി തന്നെ അംഗീകരിച്ചതായി അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. തമിഴ് ഇതര വിദ്യാർത്ഥികളോട് വ​രെ തമിഴ് പഠിക്കാൻ പ്രധാനമന്ത്രി ഉപദേശിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു. ഏതാനും രാജ്യങ്ങളിൽ ഭരണഭാഷയായ തമിഴിന് ​​ഇന്ത്യയെ കണ്ണി ചേർക്കുന്ന ഭാഷയാകാൻ യോഗ്യതയുണ്ടെന്നും ഈ ദിശയിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഏത് പ്രാദേശിക ഭാഷയിലും ഒരാൾക്ക് പഠിക്കാം. രാജ്യത്ത് തമിഴിനെ ദേശീയതലത്തിൽ കണ്ണി ചേർക്കുന്ന ഭാഷയാക്കുന്നത് നമുക്ക് ഏറെ അഭിമാനകരമാകും" ബി.ജെ.പി അധ്യക്ഷൻ അണ്ണാമ​ലൈ പറഞ്ഞു. "എനിക്ക് ഹിന്ദി അറിയില്ല. എത്രപേർക്ക് ഇവിടെ ആ ഭാഷ അറിയാമെന്ന് എനിക്കറിയില്ല. വിദ്യാഭ്യാസത്തിനോ ജോലിയ്‌ക്കോ മറ്റ് ആവശ്യങ്ങൾക്കോ ​​​​നമുക്ക് ഹിന്ദി പഠിക്കാം, പക്ഷേ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ല" -മുൻ ഐ.പി.എസ് ഓഫിസർ കൂടിയായ അണ്ണാമലൈ പറഞ്ഞു.

നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസുകാർ ഭാഷാ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദി ഐച്ഛിക ഭാഷയാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് കാബിനറ്റ് പരിശോധിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് ലിങ്ക് ലാംഗ്വേജ് ആകണമെന്ന എ.ആർ റഹ്‌മാന്റെ പരാമർശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഓരോ സംസ്ഥാനത്തും കുറഞ്ഞത് 10 സ്‌കൂളുകളിലെങ്കിലും തമിഴ് പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് കത്തെഴുതണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

"തമിഴ് ഞങ്ങളുടെ മാതൃഭാഷയാണ്, ഭാഷാ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. എന്നു​വെച്ച് ഒരു ഭാഷ പഠിക്കുന്നതിനും നിയന്ത്രണമില്ല" -ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കരു നാഗരാജൻ പറഞ്ഞു. 

Tags:    
News Summary - No Need To Learn Hindi To Prove We're Indians: Tamil Nadu BJP Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.