അധ്യാപകൻ ദലിത് വിദ്യാർഥിയെ തല്ലിക്കൊന്ന സംഭവം; രാജസ്ഥാനിൽ കോൺഗ്രസ് എം.എൽ.എ രാജിവെച്ചു

ജയ്പൂർ: അധ്യാപകൻ ദലിത് വിദ്യാർഥിയെ തല്ലിക്കൊന്ന സംഭവത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എ രാജിവെച്ചു. അത്രു മണ്ഡലത്തിലെ എം.എൽ.എ ആയ പനചന്ദ് മേഘ്‌വാൾ ആണ് രാജിവെച്ചത്. ദലിത് സമുദായത്തിനെതിരായ അക്രമങ്ങൾ തടയാനാവാതെ താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

''സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല. അതിനാൽ ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കുന്നു''-പനചന്ദ് മേഘ്‌വാൾ രാജിക്കത്തിൽ പറഞ്ഞു.

സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടതിനാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്‌വാളിനെ അധ്യാപകൻ ക്രൂരമായി മർദിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ജൂലൈ 20നാണ് കുട്ടിയെ അധ്യാപകൻ മർദിച്ചത്. മുഖത്തും ചെവിയിലും മർദനമേറ്റ വിദ്യാർഥി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.

Tags:    
News Summary - no justice for dalits i quit congress mla tells gehlot after boy s death rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.