ന്യൂഡൽഹി: പാകിസ്താനെ അമ്പരപ്പിച്ച ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ച് അതിനെ പ്രതിരോധിക്കുന്നതിനുള്ള നിർണായക നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിയത്. പാകിസ്താന്റെ മനോവീര്യം തകർത്ത ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ അവർ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ കാര്യങ്ങൾ ധരിപ്പിച്ചു. അന്തർദേശീയ തലത്തിൽ ആക്രമണത്തിനെതിരെ പാകിസ്താന് അനുകൂലമായ ശബ്ദമുയരുന്നത് തടയാൻ ഇതുവഴി ഇന്ത്യക്ക് കഴിഞ്ഞു. ഏതായാലും പാകിസ്താൻ പ്രത്യാക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ബുധനാഴ്ച വിദേശ നയതന്ത്ര പ്രതിനിധികളെ വിളിച്ചറിയിച്ചിരിക്കുകയാണ് ഇന്ത്യ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിർത്തി സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് മുൻകരുതലുകൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മോക് ഡ്രിൽ നടത്തിയതും ഇതിന്റെ ഭാഗമാണ്. പാകിസ്താനെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ സൈനികരുടെ റെയിൽവേ വഴിയുള്ള നീക്കങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തുമെന്ന് റെയിൽ മന്ത്രാലയം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധികാരികമല്ലാത്ത ഒരാളോടും ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈമാറരുതെന്ന നിർദേശവും മന്ത്രാലയം നൽകിയിട്ടുണ്ട്.
ആക്രമണത്തിന്റെ സാറ്റലൈറ്റ് വിഡിയോ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഏതൊക്കെ ഭീകര കേന്ദ്രങ്ങളാണ് തകർത്തതെന്ന് കേണൽ സോഫിയാ ഖുറൈശിയെകൊണ്ട് വിദേശ സെക്രട്ടറിയുടെ വാർത്തസമ്മേളനത്തിൽ പറയിച്ചതും ഇന്ത്യ നടത്തിയ തന്ത്രപരമായ പ്രതിരോധ നീക്കമായിരുന്നു. ഓരോ ഭീകരസംഘടനകളെയും അവരുടെ കേന്ദ്രങ്ങളെയും ഇന്ത്യൻ സേന ലക്ഷ്യം വെച്ചതെങ്ങനെയെന്ന് എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു ഹിന്ദിയിലുള്ള സോഫിയയുടെയും ഇംഗ്ലീഷിലുള്ള വ്യോമികാ സിങ്ങിന്റെയും സംസാരം. ഇതോടെ ആക്രമണം അയൽരാജ്യത്തിന് നേർക്കല്ലെന്നും അവിടത്തെ ഭീകരകേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണെന്നും വ്യക്തമാക്കാനായി. ആക്രമണം കഴിഞ്ഞ് മണിക്കൂറിനുള്ളിൽ യു.എസ്, സൗദി, യു.എ.ഇ, യു.കെ, റഷ്യ എന്നീ രാജ്യങ്ങളെ വിളിച്ച് വിവരമറിയിച്ച ഇന്ത്യ, പ്രത്യാക്രമണത്തിന് ചൈനയുടെ സഹായം പാകിസ്താന് ലഭിച്ചേക്കുമെന്ന ആശങ്കകൾക്കിടയിൽ അവരുമായും ബന്ധപ്പെട്ടു.
തങ്ങളുടെ നിരപരാധികളെ ആക്രമിച്ചതാരാണോ അവരെയാണ് തിരിച്ചാക്രമിച്ചതെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. ഭീകരരുടെ മനോവീര്യം തകർക്കാനാണ് അവരുടെ ക്യാമ്പുകൾക്കും സന്നാഹങ്ങൾക്കും നേരെ ആക്രമണം പരിമിതപ്പെടുത്തിയതെന്നും രാജ്നാഥ് വ്യക്തമാക്കി. ‘ഓപറേഷൻ സിന്ദൂറി’ലൂടെ പ്രതികരിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്നും ആസൂത്രണം ചെയ്ത പ്രകാരം ലക്ഷ്യസ്ഥാനങ്ങൾ തകർത്തുവെന്നും രാജ്നാഥ് പറഞ്ഞു.
വളരെ ആലോചിച്ചും അളന്നുമുറിച്ചുമുള്ള രീതിയിലായിരുന്നു ഭീകര സന്നാഹങ്ങൾക്കെതിരായ സൈനിക നടപടി. പാക് സൈനിക കേന്ദ്രങ്ങളെയോ സിവിലിയൻമാരെയോ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും മറിച്ച് ഭീകര സംഘടനകളായ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നിവയുടെ ആസ്ഥാനങ്ങളും തീവ്രവാദ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നുമാണ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ആദ്യ പ്രതികരണം. മാത്രമല്ല, സംഘർഷം വ്യാപിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് തങ്ങൾ നൽകിയതെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ആക്രമണത്തിനു ശേഷം ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഓപറേഷൻ സിന്ദൂർ’ വിജയകരമായി പൂർത്തിയാക്കിയ സേനയെ അഭിനന്ദിച്ചു. മന്ത്രിമാരാകട്ടെ പാകിസ്താന് തിരിച്ചടി നൽകിയ പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു. പാകിസ്താന്റെ ഷെല്ലാക്രമണമുണ്ടായി 12ഓളം സിവിലിയന്മാർ അതിർത്തിയിൽ കൊല്ലപ്പെടുകയും അവരുടെ ഭാഗത്തുനിന്ന് മറ്റൊരാക്രമണം പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവ കക്ഷിയോഗം വിളിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം സർവ സൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് സൈനിക നടപടി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.