ന്യൂഡൽഹി: ബി.ജെ.പി രാജ്യതലസ്ഥാനത്ത് അധികാരം പിടിച്ചതിന് പിന്നാലെ ഫയലുകൾ പുറത്തേക്ക് കൊണ്ടുപോകുന്നതിനും ആളുകൾ പ്രവേശിക്കുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി സെക്രട്ടറിയേറ്റ്. രേഖകളും ഫയലുകളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അനുമതിയില്ലാതെ ഫയലുകളും രേഖകളും ഇലക്ട്രോണിക് രേഖകളും ഓഫിസുകളിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനാണ് ഡൽഹി സെക്രട്ടറിയേറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെയും മന്ത്രിമാരുടെ ക്യാമ്പ് ഓഫിസുകളിലെയും ചുമതലക്കാർക്കും ഉത്തരവ് ബാധകമാണ്.
ഉത്തരവിന് പിന്നാലെ ഡൽഹി സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെയും ഓഫിസുകളുടെയും വിഭാഗങ്ങളുടെയും ചുമതല വഹിക്കുന്നവർക്ക് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് ഫയലുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി.
കൂടാതെ, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് സുരക്ഷ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് സന്ദർശിക്കാൻ എത്തുന്ന സ്വകാര്യ വ്യക്തികളുടെ പേരുവിവരങ്ങളും സന്ദർശന ആവശ്യവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂവെന്ന് മറ്റൊരു ഉത്തരവിൽ പറയുന്നു.
സെക്രട്ടറിയേറ്റിന്‍റെ എല്ലാ നിലകളിലും നിരീക്ഷണം ശക്തമാക്കാൻ സ്വകാര്യ സെക്യൂരിറ്റി ഗാർഡുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, എല്ലാ നിലകളിലും 24 മണിക്കൂർ സി.സി.ടിവി കാമറകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശനിയാഴ്ച തന്നെ സെക്രട്ടറിയേറ്റിൽ അപ്രഖ്യാപിത നിയന്ത്രണം കൊണ്ടുവന്നതായാണ് വിവരം. ഡൽഹി മദ്യനയ അഴിമതി അടക്കം നിരവധി കേസുകൾ കെജ് രിവാൾ അടക്കമുള്ളവർ പ്രതിയായ കേസിന്‍റെ ഫയലുകൾ കടത്തികൊണ്ടു പോകുന്നത് തടയാനാണ് നടപടിയെന്നും പറയപ്പെടുന്നു. എന്നാൽ, സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിന് ശേഷം ബി.ജെ.പി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്. 10 വർഷമായി അധികാരത്തിലിരുന്ന എ.എ.പിക്ക് 22 സീറ്റുകൾ മാത്രമാണ് നേടാനായത്.
എ.എ.പിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ്, മുതിർന്ന നേതാവ് അവധ് ഓജ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ, കൽക്കാജിയിൽ നിന്ന് ബി.ജെ.പിയുടെ രമേഷ് ബിധൂരിയെ പരാജയപ്പെടുത്തി മുഖ്യമന്ത്രി അതിഷി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.