ന്യൂഡൽഹി: ബുദ്ധൻ ജനിച്ചത് നേപ്പാളിൽ തന്നെയാണെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദം അനാവശ്യമാണെന്നും ഇന്ത്യ. ബുദ്ധൻ ജനിച്ചത് ഇന്ത്യയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞതായി നേപ്പാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവാദം ഉയർന്നത്. തുടർന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകുകയായിരുന്നു.
ബുദ്ധന്‍റെ പാരമ്പര്യം നമ്മൾ പങ്കിട്ടുവെന്നും അദ്ദേഹത്തിന്‍റെ ജന്മസ്ഥലം നേപ്പാളിലെ ലുംബിനി ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശനിയാഴ്ച നടന്ന വെബിനാറിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയുടെ ധാർമിക നേതൃത്വത്തെ കുറിച്ചും ബുദ്ധനും മഹാത്മ ഗാന്ധിയും അതിനെ എത്രയേറെ സ്വാധീനിച്ചുവെന്നത് പ്രസക്തമാണെന്നും പറഞ്ഞിരുന്നു.
എന്നാൽ, ബുദ്ധൻ ഇന്ത്യയിൽ ജനിച്ചുവെന്ന് മന്ത്രി പറഞ്ഞതായാണ് നേപ്പാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നാലെ വിവാദം ഉടലെടുക്കുകയായിരുന്നു.
ബുദ്ധ പാരമ്പര്യത്തെ ഇന്ത്യ പങ്കിട്ടുവെന്നാണ് മന്ത്രി ജയ്ശങ്കർ പറഞ്ഞതെന്ന് വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ബുദ്ധൻ നേപ്പാളിലാണ് ജനിച്ചതെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല -അദ്ദേഹം പറഞ്ഞു.
നേരത്തെ, മാധ്യമ റിപ്പോർട്ടുകൾ മുൻനിർത്തി നേപ്പാളി വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ബുദ്ധൻ നേപ്പാളിലാണ് ജനിച്ചതെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടതും നിഷേധിക്കാൻ കഴിയാത്തതുമാണ്. ജന്മസ്ഥലമായ ലുംബിനി യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.