ഡോക്ടറില്ല, ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു; ഫരീദാബാദിൽ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ യുവതി പ്രസവിച്ചു

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സർക്കാർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ യുവതി പ്രസവിച്ചു. ഫരീദാബാദിലെ സെക്ടർ മൂന്നിലെ 30 കിടക്കകളുള്ള ഫസ്റ്റ് റഫറൽ യൂണിറ്റ് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ പുലർച്ചെ 1.40 ഓടെയാണ് സംഭവം.

ആശുപത്രിയിൽനിന്ന് രാത്രിയിൽ ഗർഭിണിക്ക് വൈദ്യസഹായം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ബദോളി ഗ്രാമത്തിൽ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗർഭിണിയുമായി കുടുംബം ആശുപത്രിയിലെത്തിയപ്പോൾ പ്രധാന ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. അടിയന്തര സഹായത്തിനായി ഡോക്ടർമാരോ മറ്റു ജീവനക്കാരോ അവിടെ ഉണ്ടായിരുന്നില്ല. ഗേറ്റിൽ പലതവണ മുട്ടി സഹായത്തിനായി നിലവിളിച്ചിട്ടും ആരും പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

സ്ത്രീയുടെ നില വഷളായതോടെ കുടുംബാംഗങ്ങൾ ആശുപത്രിയുടെ പിൻവശത്തുള്ള മറ്റൊരു ഗേറ്റിലൂടെ അകത്തുകടന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും അന്വേഷിച്ചു. എന്നാൽ, കൃത്യസമയത്ത് സഹായവുമായി ആരും എത്തിയില്ല. തുടർന്ന് യുവതി ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ പ്രസവിക്കുകയായിരുന്നു. മൊബൈൽ ഫോണിലെ ടോർച്ച് ഓണാക്കിയാണ് കുടുംബം സൗകര്യമൊരുക്കിയത്.

അമ്മയെയും നവജാത ശിശുവിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. രാത്രികാല ഡ്യൂട്ടി ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി അന്വേഷണത്തിൽ റിപ്പോർട്ടുണ്ട്. കൂടാതെ ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. 

Tags:    
News Summary - No Doctor Locked Gate Faridabad Woman Gives Birth In Hospital Parking Lot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.