എസ്ഐആറിന്റെ പേരിൽ വൻ വോട്ട് കൊള്ള; അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി ജയറാം രമേശ്
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്ത് വലിയ തോതിൽ വോട്ട് കൊള്ള നടക്കുന്നുവെന്ന് കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്.
വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം എന്ന് പറയുന്ന എസ്ഐആർ യഥാർത്ഥത്തിൽ അമിത് ഷാ പറഞ്ഞ് നടപ്പാക്കുന്ന ഒഴിവാക്കലാണെന്നാണ് ജയറാം രമേശിന്റെ പരിഹാസം. നുഴഞ്ഞുകയറ്റക്കാരുടെ പേര് പറഞ്ഞ് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിത് ഷായോട് മൂന്ന് കൃത്യമായ ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. രാജ്യത്തെ നൂറ് കോടി ജനങ്ങളെ ഈ പരിശോധനക്ക് വിധേയമാക്കിയ സ്ഥിതിക്ക് അതിന്റെ ഫലം എന്താണെന്ന് അറിയാൻ അവർക്ക് അവകാശമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. എത്ര നുഴഞ്ഞുകയറ്റക്കാരെ ഇതുവരെ കണ്ടെത്തിയെന്നും എത്ര പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും എത്ര പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയെന്നുമാണ് അദ്ദേഹം ചോദിച്ച മൂന്ന് ചോദ്യങ്ങൾ.
14 കോടി സാധാരണക്കാരുടെ വോട്ടവകാശം ഇല്ലാതാക്കിയതിന്റെ യഥാർത്ഥ കാരണം മറക്കാനാണ് സർക്കാർ നുഴഞ്ഞുകയറ്റത്തിന്റെ കഥ ആവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ 14 കോടി ഇന്ത്യക്കാരെയും നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തുകയാണോയെന്നും ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇത്രയധികം നുഴഞ്ഞുകയറ്റക്കാർ വർധിക്കാൻ കാരണം എന്താണെന്നും ജയറാം രമേശ് ചോദിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ രാജ്യം ഒന്നിക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭരണഘടനയും സംവരണവും ജനാധിപത്യവും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 'ഒരൊറ്റ ഇന്ത്യയുടെ ഒരൊറ്റ ശബ്ദം' എന്ന തലക്കെട്ടോടുകൂടിയാണ് അഖിലേഷ് യാദവ് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. ഇത് വെറും തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമല്ല മറിച്ച് പിന്നാക്കക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി എല്ലാവരും ഒന്നിക്കണമെന്നും തെരഞ്ഞെടുപ്പ് തട്ടിപ്പിനെതിരെ ജനാധിപത്യത്തിന്റെ കവചമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്ക് ജോലിയും സ്ത്രീകൾക്ക് സുരക്ഷയും അന്തസ്സും ഉറപ്പാക്കണം. ജാതി വിവേചനം ഇല്ലാതാക്കി അർഹതപ്പെട്ടവർക്ക് അവകാശങ്ങൾ ലഭ്യമാക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.