പട്ന: നളന്ദയിൽ ശീതള മാതാ ക്ഷേത്രത്തിൽ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാപരം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ആറ് ലക്ഷം വീതവും കേന്ദ്ര സർക്കാർ രണ്ടുലക്ഷം വീതവുമാണ് പ്രഖ്യാപിച്ചത്. പിരക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ വീതവും അനുവദിക്കും. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. സ്ഥിതിഗതികൾ നിന്ത്രണവിധേയമാക്കാൻ ക്ഷേത്രം പൊലീസ് അടച്ചു. സംഭവത്തിൽ ചീഫ് സെക്രട്ടറി ജില്ലാഭരണ കൂടുത്തോട് വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച ജില്ലാ ഭരണ കൂടം ദീപ് നഗർ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു.
ദർശനത്തിനിടെ പെട്ടെന്നുണ്ടായ അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയായിരുന്നു. ഇതോടെ ആളുകൾ ചിതറിയോടാൻ തുടങ്ങിയത് വൻ ദുരന്തത്തിന് കാരണമായി. നിയന്ത്രണാതീതമായ തിരക്കിൽ നിലത്തുവീണവർ ചവിട്ടേറ്റാണ് മരിച്ചത്. പരിക്കേറ്റവരെ ബിഹാർ ശരീഫിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
തിരക്ക് വർധിച്ചതോടെ ബാരിക്കേഡുകൾ തകരുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, സംഭവത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അനുശോചിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കെയാണ് ക്ഷേത്രമുറ്റത്ത് ഇത്രയും വലിയൊരു ദുരന്തം സംഭവിച്ചത്. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ മാസം ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ ആത്മീയ നേതാവ് അനിരുദ്ധാചാര്യയുടെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. റക്സോൾ വിമാനത്താവള മൈതാനത്ത് നടന്ന പരിപാടിയിൽ അനിരുദ്ധാചാര്യ എത്തുന്നതിനിടെ പ്രധാന കവാടത്തിലാണ് തിരക്കുണ്ടായത്. ജനക്കൂട്ടത്തിന്റെ സമ്മർദത്തെ തുടർന്ന് കവാടം തകരുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.