രാത്രി ഹൈവേയിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; 14 വർഷത്തിനുശേഷം 70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ബിഎംഡബ്ല്യു

മുംബൈ : 14 വർഷത്തോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഉടമയ്ക്ക് 70 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകി ബിഎംഡബ്ള്യു. ടയർ പഞ്ചറായതിനെത്തുടർന്ന് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ബിഎംഡബ്ള്യു കാർ പിറ്റേന്ന് രാവിലെയോടെ കത്തിയമർന്ന നിലയിലായിരുന്നു. കാറിന് 70 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നെങ്കിലും പോളിസിയിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു.

2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോലാപൂർ സ്വദേശിയായ പാട്ടീലിന്റെ ബിഎംഡബ്ല്യു കാർ രാത്രി ഹൈവേയിൽവെച്ച് ടയർ പഞ്ചറാവുകയും ഏറെ വൈകിയതിനാൽ ടയർ റിപ്പയർ ചെയ്യാനോ മെക്കാനിക്കിന്റെ സേവനമോ ലഭ്യമാവാത്തതിനെ തുടർന്ന് ഉടമയും ഡ്രൈവറും കാർ റോഡരികിൽ സുരക്ഷിതമായി നിർത്തി പൂട്ടിയശേഷം മറ്റൊരു വാഹനത്തിൽ മടങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കാർ പൂർണമായും കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസും അഗ്നിരക്ഷാസേനയും രേഖകൾ തയാറാക്കിയിരുന്നു.

എന്നാൽ, വാഹനം രാത്രി മുഴുവൻ ആളില്ലാതെ ഉപേക്ഷിച്ചതിലൂടെ പോളിസിയിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് കമ്പനി ക്ലെയിം നിരസിച്ചു. കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയോ ഉടമയോ ഡ്രൈവറോ വാഹനത്തിനൊപ്പം തുടരുകയോ ചെയ്യേണ്ടിയിരുന്നുവെന്നായിരുന്നു കമ്പനിയുടെ വാദം. തുടർന്ന് 14 വർഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ കേസിൽ അനുകൂല വിധി നേടിയ ഉടമയ്ക്ക് 70 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയും പലിശയും നഷ്ടപരിഹാരവും നൽകാൻ ഇൻഷുറൻസ് കമ്പനിയോട് മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. വാഹനം ആളില്ലാതെ കിടന്നതാണ് തീപിടിത്തത്തിന് കാരണമായതെന്ന് തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് കമീഷൻ വ്യക്തമാക്കി.

ക്ലെയിം നിരസിച്ച 2012 നവംബർ 23 മുതൽ തുക നൽകുന്നതുവരെ 70 ലക്ഷം രൂപയും ഏഴ് ശതമാനം വാർഷിക പലിശയും നൽകാനാണ് ഉത്തരവ്. ഉടമയ്ക്കുണ്ടായ മാനസിക പ്രയാസത്തിനായി 50,000 രൂപയും നിയമനടപടികളുടെ ചെലവായി 25,000 രൂപയും അധികമായി നൽകാനും കമീഷൻ ഉത്തരവിട്ടു. 

Tags:    
News Summary - BMW Ordered to Pay 70 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.