ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തുന്നത് കുറ്റമാക്കുന്നവർ രാജ്യദ്രോഹികൾ : അഭിജീത് ദിപ്കെ

ന്യൂഡൽഹി: ജനാധിപത്യ പ്രതിഷേധങ്ങളുടെ കേന്ദ്രമായ ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയതിന് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റമായി കാണുന്നവർ രാജ്യദ്രോഹികളാണെന്ന് ദിപ്കെ തുറന്നടിച്ചു.

സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരുൾപ്പെടെയുള്ള പ്രവർത്തകരെയാണ് ചൊവ്വാഴ്ച പുലർച്ചെ ജന്തർ മന്തറിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ തന്നെ ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിൽ പ്രവേശിച്ച സംഘം അവിടെ ത്രിവർണ പതാക ഉയർത്തുകയായിരുന്നു. പൊലീസ് എത്തും മുൻപ് തന്നെ പതാക ഉയർത്തൽ പൂർത്തിയാക്കിയതായി ദിപ്കെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ബാരിക്കേഡ് ചാടിക്കടന്ന് അകത്ത് കയറുന്നതിന്റെ ദൃശ്യങ്ങൾ അശുതോഷ് റങ്ക തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയ ഡൽഹി പൊലീസിന്റെ തീരുമാനത്തിനെതിരെയായിരുന്നു ഈ പ്രതീകാത്മക പ്രതിഷേധം. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരം ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ ജന്തർ മന്തറിന്റെ അംഗീകാരം റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇനി മുതൽ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് അനുമതി ഉണ്ടായിരിക്കില്ല. പകരം സെൻട്രൽ ഡൽഹിയിലെ രാംലീല മൈതാനം, നോർത്ത് ഡൽഹിയിലെ ബുറാഡി മൈതാനം, ഈസ്റ്റ് ഡൽഹിയിലെ സിബിഡി മൈതാനം എന്നിവിടങ്ങളിലായിരിക്കും പ്രതിഷേധങ്ങൾക്ക് അനുമതി നൽകുക. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

എന്നാൽ പൊലീസ് നടപടി ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്നാണ് സിജെപിയുടെ ആരോപണം. രാവിലെ തങ്ങളുടെ ടീം ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തി. അതെപ്പോഴാണ് കുറ്റമായതെന്നും പതാക ഉയർത്തിയതിന്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്യുന്ന എന്ത് രാജ്യമാണിതെന്നും ഇത് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്തവർക്ക് നിയമപരമായ അവകാശങ്ങൾ നിഷേധിക്കരുതെന്നും ദിപ്കെ ആവശ്യപ്പെട്ടു. 24 മണിക്കൂർ അഭിഭാഷകനെ കാണാൻ പോലും അനുവദിക്കാത്ത സാഹചര്യം ഉണ്ടാകരുത്. തനിക്ക് മുൻപ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്തർ മന്തർ വെറുമൊരു സ്ഥലമല്ല മറിച്ച് ചെറുത്തുനിൽപ്പിന്റെ ആത്മാവാണ്. ഇത് സർക്കാരിന്റെ സ്വകാര്യ സ്വത്തല്ല 140 കോടി ഇന്ത്യക്കാരുടേതാണ്. തങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ല. രാജ്യം മുഴുവൻ ജന്തർ മന്തർ ആകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കും വരെ തങ്ങൾ അവിടെ ത്രിവർണ പതാക ഉയർത്തിക്കൊണ്ടിരിക്കുമെന്നും ദീപ്കെ വ്യക്തമാക്കി.

ചെറുത്തുനിൽപ്പിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഇല്ലാതാക്കാൻ കഴിയില്ലെന്നായിരുന്നു ദിപ്കെയുടെ എക്സിൽ പങ്കുവെച്ച പോസ്റ്റ്. ജന്തർ മന്തറിനെ തൊടരുതെന്ന് അശുതോഷ് റങ്കയും കുറിച്ചു.

അതേസമയം വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ ശക്തമാകുന്നതിനിടെയാണ് ജന്തർ മന്തറിന് വിലക്ക് ഏർപ്പെടുത്തിയത്. എസ്ഐആർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും പൗരസമൂഹവും ഒന്നിച്ച് പ്രതിഷേധം തുടരുകയാണ്.

Tags:    
News Summary - Jantar Mantar Flag Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.