ന്യൂഡൽഹി: വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള മധ്യസ്ഥ ചർച്ചകൾക്ക് യമനിലേക്ക് പോകാൻ കാന്തപുരത്തിന്റെ പ്രതിനിധികൾ അടക്കമുള്ളവർക്ക് കേന്ദ്ര സർക്കാറിനെ സമീപിക്കാമെന്ന് സുപ്രീംകോടതി. കാന്തപുരത്തിന്റെ ഇടപെടലിനെ കേന്ദ്ര സർക്കാർ തള്ളിപ്പറഞ്ഞതിന് പിറ്റേന്നാണ് സുപ്രീംകോടതി ഇത്തരമൊരു നിർദേശം നൽകിയത്.
ദിയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കുന്നതിന് കൊല്ലപ്പെട്ട യമനി പൗരൻ തലാൽ മഹ്ദിയുടെ കുടുംബവുമായുള്ളചർച്ചക്കായി സേവ് നിമിഷപ്രിയ ഇന്ററർനാഷനൽ ആക്ഷൻ കൗൺസിൽ ആണ് കാന്തപുരത്തിന്റെ രണ്ട് പ്രതിനിധികൾ അടക്കം ആറുപേരുടെ യമൻ യാത്രക്ക് അനുമതി തേടിയത്.
നിലവിൽ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഹരജിക്കാർക്ക് ഇത്തരമൊരു ആവശ്യവുമായി സർക്കാറിനെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സർക്കാറിന് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. കേസ് ആഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കാന്തപുരത്തിന്റെ പ്രതിനിധികളായി ഹുസൈൻ സഖാഫി, യമനിൽ ബന്ധമുള്ള ഹാമിദ് എന്നിവരെയും ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.
കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾക്കൊപ്പം തന്നെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടുവെന്നും യമൻ അധികൃതർ വധശിക്ഷ നീട്ടിവെച്ചുവെന്നും ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ അഡ്വ. രാഗേന്ദ് ബസന്ത് ബോധിപ്പിച്ചു. അവിടെയുള്ള ഇസ്ലാമിക പണ്ഡിതൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
അതിനാൽ യമനിൽ ബന്ധമുള്ള കാന്തപുരത്തിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തി മധ്യസ്ഥത്തിനായി ഒരു പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. നിമിഷപ്രിയക്ക് മാപ്പുനൽകാൻ തലാലിന്റെ കുടുംബം തയാറാകണമെന്നതാണ് ആദ്യകടമ്പ.
അതിനുശേഷം ദിയാധന ചർച്ചകൾ നടത്തണം. ഇന്ത്യാ ഗവൺമെന്റിന്റെ യാത്രാവിലക്കുള്ള രാജ്യമാണ് യമൻ. അതിനാൽ അനുമതിയില്ലാതെ പോകാനാകില്ല. സർക്കാർ നീക്കങ്ങൾക്ക് നന്ദിയുണ്ട്. യമനിൽ പോയി മധ്യസ്ഥ ചർച്ച നടത്താൻ ആക്ഷൻ കൗൺസിൽ ആഗ്രഹിക്കുന്നുവെന്നും ബസന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.