മുംബൈ-ന്യൂയോർക് എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. 322 യാത്രക്കാരുമായി പറന്ന എ.ഐ 119 വിമാനം ഇന്ന് രാവിലെ മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിന്‍റെ ശുചിമുറികളിലൊന്നിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന്, ഭീഷണി ലഭിച്ചാൽ സ്വീകരിക്കേണ്ട പ്രോട്ടോകോൾ പ്രകാരം വിമാനം രാവിലെ 10.25ഓടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. 19 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഭീഷണിക്കുറിപ്പാണ് ശുചിമുറിയിൽ കണ്ടെത്തിയതെന്നാണ് വിവരം. മുംബൈയിൽ തിരിച്ചിറക്കിയ വിമാനത്തിൽ സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി. ഈ വിമാനത്തിലെ യാത്രക്കാരെ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിക്കുള്ള വിമാനത്തിൽ ന്യൂയോർക്കിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

മാർച്ച് ആറിനുണ്ടായ മറ്റൊരു സംഭവത്തിൽ വിമാനത്തിനകത്തെ ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നിരുന്നു. വിമാനത്തിലെ 12 ശുചിമുറികളില്‍ 11 എണ്ണവും തകരാറിലായതായാണ് വിവരം. പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ശുചിമുറികളില്‍ 11ഉം അടഞ്ഞുപോയതായി കണ്ടെത്തിയത്. വിമാനത്തിലെ ആകെ ഒരു ബിസിനസ് ക്ലാസ് ശുചിമുറി മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്നു ഷിക്കാഗോയിലേക്ക് തിരികെ പറക്കാന്‍ എയര്‍ലൈന്‍ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - New York-bound Air India plane returns to Mumbai after bomb threat mid-flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.