സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി പണമെത്തിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്നും ഗ്രാമങ്ങളില്‍ പണമത്തെിക്കാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നബാര്‍ഡിന്‍െറ മേല്‍നോട്ടത്തില്‍ സഹകരണ ബാങ്കുകള്‍ വഴി പണമിടപാട് നടത്താനാണ് ആലോചിക്കുന്നതെന്നും വിഷയം റിസര്‍വ് ബാങ്കിന്‍െറ പരിഗണനയിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി ഗ്രാമീണ ഇന്ത്യയില്‍, വിശേഷിച്ചും കാര്‍ഷിക മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹകരണ മേഖലയോടുള്ള നിസ്സഹകരണ നിലപാട് മാറ്റി അവയുമായി സഹകരിച്ച് ഗ്രാമങ്ങളില്‍ പണമത്തെിക്കാനുള്ള ആലോചന തുടങ്ങിയത്.

പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം കര്‍ഷകരും സഹകരണ മേഖലയെയാണ് ആശ്രയിക്കുന്നതെന്നും മിക്കവര്‍ക്കും ദേശസാത്കൃത ബാങ്കുകളുമായോ സ്വകാര്യ ബാങ്കുകളുമായോ ഒരു തരത്തിലുള്ള ഇടപാടുകളുമില്ളെന്നും ധനമന്ത്രാലയം തിരിച്ചറിയാന്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. കേരളത്തിലെ ഗ്രാമങ്ങളിലും വലിയതോതില്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണെന്നത് അവിടെയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗത്തിനും റിസര്‍വ് ബാങ്കിന്‍െറ കോര്‍ ബാങ്കിങ്ങും ഡിജിറ്റലൈസേഷനും മറ്റു നിയന്ത്രണങ്ങളുമൊന്നും ബാധകമല്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണവും ബിനാമി ഇടപാടുകളും അധികവും സഹകരണ ബാങ്കുകളിലാണ് എന്നൊരു ധാരണ റിസര്‍വ് ബാങ്കിനുണ്ടെന്നും ഇവയെല്ലാം കണക്കിലെടുത്താണ് പണമിടപാടുകളില്‍നിന്ന് അവയെ മാറ്റിനിര്‍ത്തിയതെന്നും മന്ത്രാലയം തുടര്‍ന്നു. എന്നാല്‍, ഇപ്പോള്‍ സഹകരണ മേഖലയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഗ്രാമങ്ങളില്‍ ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും പണമത്തെിക്കാനും കറന്‍സി മാറ്റിക്കൊടുക്കാനും അവയെ ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്. നബാര്‍ഡിന്‍െറ മേല്‍നോട്ടത്തില്‍ ഇത്തരമൊരു വഴിതുറക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന തുടങ്ങിക്കഴിഞ്ഞെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതിന് പുറമെ ദേശസാത്കൃത ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും മുഴുവന്‍ മൊബൈല്‍ എ.ടി.എമ്മുകളും ബാങ്കിങ് കറസ്പോണ്ടന്‍റുമാരും ഗ്രാമങ്ങളിലേക്ക് പോകണമെന്നും വരുന്ന 10 ദിവസം ഗ്രാമങ്ങളില്‍ സേവനം തുടരണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ എ.ടി.എമ്മുകളുടെയും ബാങ്കിങ് കറസ്പോണ്ടന്‍റുമാരുടെയും എണ്ണം കൂട്ടുന്നതും ആലോചിക്കുന്നുണ്ട്. പഴയ 500, 1000 രൂപ നോട്ടുകള്‍കൊണ്ട് വിത്തു വാങ്ങാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയതും ഗ്രാമീണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായെടുത്ത തീരുമാനമാണ്.

കറന്‍സി നിരോധനം ഗ്രാമങ്ങളിലും കാര്‍ഷിക മേഖലയിലും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ഇതുപോലുള്ള കൂടുതല്‍ നടപടികളുണ്ടാകുമെന്ന സൂചനയും മന്ത്രാലയം നല്‍കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്കുകളെ ഒട്ടും ആശ്രയിക്കാതെ പണംകൊണ്ടുമാത്രം ഇടപാട് നടത്തിയ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തു മാര്‍ഗം കൈക്കൊള്ളുമെന്ന ആലോചനയിലാണിപ്പോള്‍ ധനമന്ത്രാലയം. കറന്‍സി നിരോധനം വഴിയുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒരു ത്രൈമാസംകൊണ്ട് മാറില്ളെന്നും എല്ലാം കലങ്ങിത്തെളിഞ്ഞ് രണ്ടര വര്‍ഷംകൊണ്ട് രാജ്യം സാധാരണ നിലയിലത്തെുമെന്നുമാണ് മന്ത്രാലയം ഇപ്പോള്‍ പറയുന്നത്.

Tags:    
News Summary - new notes gave to cooperative bank through nabard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.