പൗരത്വ ബിൽ; രാജ്യസഭയിൽ തങ്ങളുടെ പിന്തുണ ഉറപ്പിക്കേണ്ടെന്ന് താക്കറെ

മുംബൈ: ലോക്‌സഭയിൽ ഇന്നലെ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ ശിവസേന പിന്തുണച്ചെങ്കിലും രാജ്യസഭയിൽ സേനയുടെ പിന്തുണ ഉറപ്പാക്കേണ്ടെന്ന് പാർട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസിനെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ശിവസേന. ബില്ലിനെ അനുകൂലിക്കുന്നവരെ അപലപിച്ച് രാഹുൽ ഗാന്ധി ഇന്ന് ട്വീറ്റ് ചെയ്തിരുന്നു.

കാര്യങ്ങൾ വ്യക്തമല്ലെങ്കിൽ ഞങ്ങൾ ബില്ലിന് പിന്തുണ നൽകില്ല. ലോക്‌സഭയിൽ ഇന്നലെ ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ബിൽ രാജ്യസഭയിലേക്ക് കൊണ്ടുവരുമ്പോൾ സർക്കാർ മാറ്റങ്ങൾ വരുത്തണം- താക്കറെ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്സഭയിൽ ഞങ്ങൾ വോട്ട് ചെയ്തതുപോലെ രാജ്യസഭയിൽ വോട്ട് ചെയ്യാനിടയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. പുതിയ പൗരന്മാർക്ക് 25 വർഷത്തേക്ക് വോട്ടിങ് അവകാശം നൽകരുതെന്നാണ് ശിവസേനയുടെ ആവശ്യം. ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികൾക്കും പൗരത്വം നൽകണമെന്നും സേന ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ബിൽ ഇന്ത്യൻ ഭരണഘടനക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണക്കുന്നവർ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു- ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിൽ വിവേചനപരമാണെന്നും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ച് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബില്ലിനെ ശക്തമായി എതിർത്തിരിക്കവെയാണ് സേന ബില്ലിനെ അനുകൂലിച്ചത്.

പാർലമ​​​െൻറിൽ ബില്ലിന് സേന നൽകിയ പിന്തുണ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പാർട്ടി മുഖപത്രമായ 'സാമ്ന' ബില്ലിനെ ശക്തമായ വിമർശിച്ചതിന് പിന്നാലെയാണ് എം.പിമാർ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭയിൽ പാസായ ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യസഭയിൽ ന്യൂനപക്ഷമായതിനാൽ ബിൽ പാസാക്കി എടുക്കുക വെല്ലുവിളിയുമാണ്. 245 അംഗ സഭയിൽ ബിൽ പാസാകണമെങ്കിൽ 123 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. എൻ.ഡി.എക്ക് 105 അംഗങ്ങൾ മാത്രമേ ഉളളു. രാജ്യസഭയിൽ ശിവസേനക്ക് മൂന്ന് അംഗങ്ങളുണ്ട്. 11 അംഗങ്ങളുള്ള ഐ.ഐ.ഡി.എം.കെ, ഏഴ് അംഗങ്ങളുള്ള ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി എന്നീ പാർട്ടികളുടെ പിന്തുണ ബി.ജെ.പി തേടിയിട്ടുണ്ട്.


Tags:    
News Summary - In New Citizenship Bill Flip-Flop, Shiv Sena Says Its Vote May Change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.