പാർലമെന്റിൽ ‘അലറി വിളിച്ച്’ സ്മൃതി ഇറാനി; ട്രോളിക്കൊന്ന് നെറ്റിസൺസ്

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കവേ, പ്രതിപക്ഷം രാജസ്ഥാൻ, ഛത്തീസ്ഗഢ്, ബിഹാർ സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചർച്ച ചെയ്യാൻ ധൈര്യം കാട്ടുന്നില്ലെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗത്തെ ട്രോളി നെറ്റിസൺസ്. ബഹളമയമായ പ്രസംഗം ട്വിറ്ററിൽ ഉൾപ്പെടെ ട്രോളന്മാരുടെ ‘കടന്നാക്രമണ’ത്തിനിരയായി.

മണിപ്പൂരിലെ അക്രമസംഭവങ്ങൾ പരാമർശിക്കാതിരുന്ന സ്മൃതി തൊണ്ടപൊട്ടുമാറുച്ചത്തിൽ പ്രസംഗിച്ചതിന് ഭരണകക്ഷി അംഗങ്ങളിൽനിന്നുതന്നെ പൂർണ പിന്തുണയൊന്നും കിട്ടിയില്ല. മന്ത്രിയുടെ തൊട്ടുമുന്നിലെ സീറ്റിലിരുന്ന ധനമന്ത്രി നിർമല സീതാരാമൻ നിർവികാരതയോടെ പ്രസംഗം കേട്ടിരിക്കുന്നതിന്റെ ദൃശ്യവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇടയ്ക്ക് അവജ്ഞ കലർന്ന അതിശയത്തോടെ അവർ തിരിഞ്ഞുനോക്കുന്നതും കാണാം.

സ്മൃതിയുടെ പ്രസംഗത്തിന്റെ വിഡിയോ ബി.ജെ.പി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തതിന് താഴെ വിമർശനങ്ങളുടെ പെരുമഴയായിരുന്നു. ഒരു ദിവസം പിന്നിട്ടിട്ടും പോസ്റ്റിന് ലഭിച്ചത് പതിനായിരത്തിൽ താഴെ ലൈക്ക് മാത്രം. പ്രസംഗത്തിൽ മണിപ്പൂരിലെ മൊത്തം പ്രശ്നങ്ങളുടെ ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്ന സ്മൃതിയുടെ ആരോപണവും ട്രോളുകൾക്ക് ആക്കം കൂട്ടി.

‘നിങ്ങളുടെ പതിവ് നാട്യങ്ങളുമായി ഇപ്പോൾ വന്നിരിക്കുകയാണല്ലേ. 78 ദിവസമായി നിങ്ങൾ ഒരക്ഷരം പോലും മിണ്ടാതിരുന്നു. ഹത്രാസ്, ലഖിംപൂർ, ഷാജഹാൻപൂർ, അങ്കിത ഭണ്ഡാരി സംഭവങ്ങളിലൊന്നും നിങ്ങൾ ഒന്നും മിണ്ടിയിട്ടില്ല. കായിക താരങ്ങൾ സമരത്തിനിറങ്ങിയ​പ്പോഴും ഒന്നും സംസാരിച്ചില്ല. നിങ്ങൾ പരാജിതയായ സ്ത്രീയാണ്’ -ബി.ജെ.പി ട്വീറ്റിനു താഴെ ഒരാൾ കുറിച്ചു. ‘സ്മൃതി ഇറാനീ, നിരാശയിൽനിന്നുതിരുന്ന അലർച്ചകൾ നിങ്ങളുടെ പാപത്തെ ലഘൂകരിക്കില്ല. പ്രകൃതി, ജനം, രാജ്യം..ഒന്നും നിങ്ങളുടെ അതിക്രൂര ചെയ്തികൾക്ക് മാപ്പു തരില്ല. രണ്ടു മാസമായി ഒരു ദേശം കത്തിയമരുന്നത് നിങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്’ -മറ്റൊരാൾ എഴുതി.

‘സൂക്ഷിക്കണം, ദയവായി അകലം പാലിക്കൂ..1250 രൂപയുടെ സിലിണ്ടർ ഏതു സമയവും പൊട്ടിത്തെറിക്കാം’ -മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ കീർത്തി ആസാദ് പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ കുറിച്ചു.

‘എന്റെ മകൻ പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ തോറ്റു. പക്ഷേ, അതേക്കുറിച്ച് ഞങ്ങളിപ്പോൾ ചർച്ച ചെയ്യുന്നില്ല. എ​ന്റെ പെങ്ങളുടെ മോന് ഒമ്പതാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതെന്തുകൊണ്ട് എന്ന് പരിശോധിക്കണമെന്ന നിർബന്ധത്തിലാണ് ഞങ്ങൾ’ -മണിപ്പൂർ ചർച്ച ചെയ്യാതെ രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും ദുരിതങ്ങൾ ചർച്ച ചെയ്യണമെന്ന സ്മൃതിയുടെ ആവശ്യത്തെ പരിഹസിച്ച് ഒരാൾ എഴുതി.

‘നിങ്ങൾ ഇങ്ങനെ അലറുന്നതെന്തിന്? കേന്ദ്രത്തിൽ ബി.ജെ.പിയല്ലേ ഭരിക്കുന്നത്?’, ‘നിങ്ങളുടേത് അഭിനയമല്ല, അമിതാഭിനയമാണ്. ശിശുക്ഷേമ മന്ത്രിയായിട്ടും മണിപ്പൂർ സന്ദർശിക്കാൻ നിങ്ങൾക്ക് തോന്നാത്തതെന്തേ? സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഛത്തീസ്ഗഢി​​ലും രാജസ്ഥാനിലും പോകാൻ നിങ്ങൾക്ക് തടസ്സമെന്താണ്? ആരാണ് നിങ്ങളെ തടയുന്നത്?’, ‘ഇത് രോഷം കൊള്ളുന്നതൊന്നുമല്ല, ഒരുതരം നാടകമാണ്. കുട്ടി എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ വീട്ടുകാർ കുട്ടിയെ തല്ലാനെത്തും. മർദനത്തിൽനിന്ന് രക്ഷനേടാൻ കുട്ടി അതിന് മുമ്പുതന്നെ കരയാൻ തുടങ്ങും. മന്ത്രി നടത്തുന്നത് ഈ നാടകമാണ്’....മന്ത്രിയെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നിറയുന്നു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹവും ബി.ജെ.പി നേതാവ് സുഷമ സ്വരാജും തമ്മിൽ പാർലമെന്റിൽ നടന്ന സംവാദങ്ങളുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത പലരും സ്മൃതി ഇറാനി വായിൽതോന്നിയത് വിളിച്ചുപറയുന്ന കവല പ്രസംഗം നടത്തുന്നതിന് പകരം ആ സംവാദ ദൃശ്യങ്ങളിൽനിന്ന് പാഠമുൾക്കൊള്ളാൻ അവരെ ഉപദേശിച്ചു.



Tags:    
News Summary - Netizen trolls Smriti Irani's speach in Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.