അറ്റ വിദേശ നിക്ഷേപത്തിൽ വൻ ഇടിവ്; ആശങ്കകൾക്കിടയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള മൊത്തം വിദേശ  നിക്ഷേപം ( എഫ്.ഡി.ഐ) 96ശതമാനം കുറഞ്ഞ് 0.4 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. 2023-24ൽ മൊത്തം എഫ്.ഡി.ഐ വരവ് 10.1 ബില്യൺ ഡോളറും 2022-23 ൽ 28 ബില്യൺ ഡോളറുമായിരുന്നു. ഇന്ത്യയിലേക്കുള്ള അറ്റ ​​നേരിട്ടുള്ള വിദേശ നിക്ഷേപം 96 ശതമാനം കുറഞ്ഞ് 0.4 ബില്യൺ ഡോളറിലെത്തിയത് ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് സ്രോതസ്സുകൾ പറഞ്ഞു.

വിദേശ നിക്ഷേപത്തിന്റെ ഇന്ത്യയിലേക്കുള്ള മൊത്ത വരവും ഇന്ത്യൻ സ്ഥാപനങ്ങൾ നടത്തുന്ന വിദേശ നിക്ഷേപങ്ങളും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് എഫ്.ഡി.ഐ. ഇന്ത്യൻ കമ്പനികൾ നടത്തുന്ന വിദേശ നിക്ഷേപങ്ങളിലെ വർധനവും വിദേശ നിക്ഷേപകർ വൻതോതിൽ മൂലധനം തിരിച്ചുകൊണ്ടുപോകുന്നതും മൂലമാണ് അറ്റ ​​വിദേശ നിക്ഷേപം കുറഞ്ഞതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ വിദേശ കമ്പനികളുടെ തിരിച്ചുവരവും ഇന്ത്യൻ സ്ഥാപനങ്ങളുടെ പുറത്തേക്കുള്ള നിക്ഷേപവും വർധിച്ചിരുന്നു. വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് ഒഴുക്കിയ മൊത്തം എഫ്.ഡി.ഐ 2024-25 ൽ 13.7 ശതമാനം ഉയർന്ന് 81 ബില്യൺ ഡോളറായി. മുൻ വർഷത്തെ 71.3 ബില്യൺ ഡോളറിൽ നിന്നായിരുന്നു ഈ ഉയർച്ച. എന്നിരുന്നാലും, വിദേശ കമ്പനികളുടെ പിൻവലിക്കൽ വിനയായി. 2024-25 ൽ വിദേശ നിക്ഷേപകർ 44.5 ബില്യൺ ഡോളറാണ് പിൻവലിച്ചത്.

എന്നാൽ, അറ്റ ​​എഫ്.ഡി.ഐയുടെ 96 ശതമാനം ഇടിവ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ‘പക്വത’യെ പ്രതിഫലിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് വാദിച്ചു. വിദേശ നിക്ഷേപകർക്ക് സുഗമമായി പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്ന ഒരു പക്വതയുള്ള വിപണിയുടെ അടയാളമാണിത്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പോസിറ്റീവായി പ്രതിഫലിക്കുന്നുവെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.

2024-25 ൽ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നടത്തിയ വിദേശ നിക്ഷേപം 74.8 ശതമാനം ഉയർന്ന് 29.2 ബില്യൺ ഡോളറിലെത്തിയതായി ആർ.ബി.ഐ ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശത്ത് നിക്ഷേപിച്ചത് 16.7 ബില്യൺ ഡോളറായിരുന്നു.

സിംഗപ്പൂർ, യുഎസ്, യു.എ.ഇ, മൗറീഷ്യസ്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണ് വിദേശ നിക്ഷേപ വളർച്ചയുടെ പകുതിയിലധികവും. കുതിച്ചുയരുന്ന ഓഹരി വിപണിയുടെ ആനുകൂല്യം മുതലെടുത്ത് വിദേശ കമ്പനികൾ ഓഹരി വിറ്റഴിക്കലും തിരിച്ചുകൊണ്ടുവരവും വർധിപ്പിച്ചതായി വിപണി നിരീക്ഷകർ പറയുന്നു. ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായിയുടെയും ഭക്ഷ്യ വിതരണ സ്റ്റാർട്ടപ്പ് സ്വിഗ്ഗിയുടെയും ഉദാഹരണങ്ങൾ അവർ ഉദ്ധരിച്ചു. ഈ സന്ദർഭങ്ങളിൽ, വിദേശ നിക്ഷേപകർ പണം നാട്ടിലേക്ക് കൊണ്ടുപോയി. കൂടാതെ 2024-25ൽ വെഞ്ച്വർ ക്യാപിറ്റലുകളുടെ എക്സിറ്റുകളും വർധിച്ചതായി അവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Net foreign direct investment inflow fell 96% in 2024-’25, shows RBI data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.