സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ 300 ഇ​ന പ​രി​പാ​ടി; പു​തി​യ വീ​ക്ഷ​ണ രേ​ഖ​യു​മാ​യി നി​തി ആ​യോ​ഗ്​

ന്യൂഡൽഹി: രാജ്യത്തി​െൻറ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിന് 300 ഇന കർമപരിപാടി ആവിഷ്കരിക്കുകയാണെന്ന് നിതി ആയോഗ്. ന്യൂഡൽഹിയിൽ ഇന്നലെ നടന്ന നിതി ആയോഗ് മൂന്നാം കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ ഇതു സംബന്ധിച്ച കരടുരേഖ അവതരിപ്പിച്ചു. 15 വർഷത്തേക്കുള്ള ദീർഘകാല വീക്ഷണവും ഏഴു വർഷത്തേക്കുള്ള തന്ത്രവും മൂന്നു വർഷത്തേക്കുള്ള അജണ്ടയും അവതരിപ്പിച്ചാണ് പനഗരിയ കർമപരിപാടി പരാമർശിച്ചത്.

സംസ്ഥാനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾകൂടി സ്വീകരിച്ചാണ് ഇവ തയാറാക്കിയതെന്ന് വ്യക്തമാക്കിയ ഒൗദ്യോഗിക വാർത്തക്കുറിപ്പ് 30 മുഖ്യമന്ത്രിമാർ പെങ്കടുത്ത യോഗം ഇവ ചർച്ച ചെയ്തുവെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഇതു സംബന്ധിച്ച വിശദാംശം നിതി ആയോഗ് പുറത്തുവിട്ടില്ല. ദാരിദ്ര്യ നിര്‍മാര്‍ജനം, കാര്‍ഷിക വികസനം എന്നിവക്കായി യോഗം പ്രത്യേക സമിതിയുണ്ടാക്കി.

യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടീം ഇന്ത്യയുടെ ഭാഗമായി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. പുതിയ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ മൂലധനവും അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യമില്ലാത്തത് രാജ്യത്തി​െൻറ സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുന്നതിനാൽ റോഡ്, വൈദ്യുതി, തുറമുഖം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ചെലവഴിക്കണം.

പൊതു ബജറ്റ് സമയം മാറ്റിയത് പദ്ധതികളുടെ നിര്‍വഹണം വേഗത്തിലാക്കും. ഫണ്ടുകള്‍ സമയത്തു ലഭിക്കുന്നതിന് അവസരമൊരുങ്ങും. നേരത്തേ മേയ് മാസത്തോടെ പാസാക്കുന്ന ബജറ്റിലെ ഫണ്ട് സംസ്ഥാനങ്ങൾക്ക് ലഭിച്ചുതുടങ്ങുമ്പോള്‍ കാലവര്‍ഷം എത്തിയിരിക്കും. പല പദ്ധതികളും ഇതുമൂലം താളം തെറ്റി. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിൽ ചര്‍ച്ച തുടരണമെന്ന് മോദി ആവശ്യപ്പെട്ടു.

നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധയ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ് ചൗഹാൻ എന്നിവർ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു, പ്രകാശ് ജാവ്ദേക്കർ, സ്മൃതി ഇറാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവർ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Tags:    
News Summary - neethi ayog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.