ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി കണ്ടെത്തി. ചോദ്യങ്ങൾ ചോർന്നെന്നും മറ്റുമുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.
സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററാണ് അന്വേഷണം നടത്തുന്നത്. നേരത്തെ നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾ നടത്തുന്ന വ്യക്തികളെക്കുറിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻടിഎ പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 1500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
നീറ്റ് യു.ജി 2025 അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ നമ്പറും ജനന തീയതിയും നൽകി https://neet.nta.nic.in/ എന്ന വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മെയ് നാലിനാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വിദ്യാര്‍ഥികൾ കൈയില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യാം.
സംസ്ഥാനത്താകെ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 362 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.