കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ജീവനൊടുക്കിയത് ഇന്ന് നീറ്റ് പരീക്ഷ എഴുതാനിരുന്ന 17 വയസുകാരി

കോട്ട: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനിരിക്കെ 17 വയസുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനിരിക്കുകയായിരുന്ന കുട്ടി മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിനിയാണ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്നും മരണം സ്ഥിരീകരിച്ചതായും കുൻഹാദി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

നീറ്റ്-യുജി പരീക്ഷ എഴുതാൻ നിശ്ചയിച്ചിരുന്ന വിദ്യാർഥിനി കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പട്ടണത്തിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. രാത്രി 9 മണിക്കാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കൾ സർക്കാർ അധ്യാപകരാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 9 മണിക്ക് മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി. ഈ വർഷം കോട്ടയിൽ കോച്ചിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്ന 14-ാമത്തെ കേസാണിത്. കഴിഞ്ഞ വർഷം കോട്ടയിൽ 17 വിദ്യാർത്ഥി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പരസ്യ മാനദണ്ഡങ്ങൾ ലംഘിച്ചതിനും അന്യായമായ വ്യാപാര രീതികളിൽ ഏർപ്പെട്ടതിനും കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരവധി കോച്ചിങ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പ്രത്യേകിച്ച് ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾക്കുള്ള ജെ.ഇ.ഇ, ബിരുദ മെഡിക്കൽ കോഴ്സുകൾക്ക് നീറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ. ഉയർന്ന റാങ്കുകൾ ലഭിക്കുമെന്ന അടിസ്ഥാനരഹിതമായ വാഗ്ദാനങ്ങൾ നൽകിയതിനും ഉറപ്പായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്തതിനും വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനുമാണ് സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

Tags:    
News Summary - NEET aspirant dies by suicide in Kota, hours before exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.