പട്ന: ബിഹാറിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന മുസ്‍ലിംകളോടുള്ള ‘പ്രതിബദ്ധത’യിൽ വിട്ടുവീഴ്ചയില്ലെന്ന അവകാശവാദം നിരന്തരം ഉന്നയിക്കുമ്പോഴും വരുന്ന തെരഞ്ഞെടുപ്പിൽ നിർത്താൻ സ്ഥാനാർഥികളെ പരിഗണിച്ചപ്പോൾ മുസ്‍ലിംകളെ തഴഞ്ഞ് എൻ.ഡി.എ ഘടകകക്ഷികൾ. ബി.ജെ.പിയുടെ രണ്ട് പ്രധാന സഖ്യകക്ഷികളായ ജനതാദൾ യുനൈറ്റഡ്, ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി എന്നിവ ന്യൂനപക്ഷ സമുദായത്തിൽ നിന്ന് വളരെ കുറച്ച് സ്ഥാനാർഥികളെ മാത്രമേ നിർത്തിയിട്ടുള്ളൂ.
സംസ്ഥാനത്തെ മുസ്‍ലിം ജനസംഖ്യയുടെ 20ശതമാനം പേരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന പാർട്ടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു. പക്ഷേ, 101 സീറ്റുകളിൽ നാലെണ്ണത്തിൽ മാത്രമേ മുസ്‍ലിം സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളൂ. അരാരിയ, ജോകിഹട്ട്, അമോർ (കിഷൻഗഞ്ച്), ചെയിൻപൂർ (കൈമൂർ) എന്നിവിടങ്ങളിലാണവ. വഖഫ് നിയമ പ്രശ്‌നം കാരണം മുസ്‌ലിംകൾക്കിടയിലെ നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഈ തെരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെടും. ജെ.ഡി.യു നിയമ ഭേദഗതികളെ പിന്തുണച്ചിട്ടുണ്ട്.
2020ൽ, ജെ.ഡി.യു 11 മുസ്‍ലിംകളെ നിർത്തിയെങ്കിലും എല്ലാവരും പരാജയപ്പെടുകയുണ്ടായി. 2015ലെ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുമായുള്ള സഖ്യത്തിൽ പാർട്ടി ആറു മുസ്‍ലിംകളെ മത്സരിപ്പിച്ചതിൽ അഞ്ചു പേർ തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ജെ.ഡി.യു 14 മുസ്‍ലിംകളെ മത്സരിപ്പിച്ചതിൽ ആറു പേർ വിജയിച്ചു.
2015ൽ 29 സീറ്റുകൾ ലഭിച്ച, ബി.ജെ.പി ഘടകകക്ഷിയായ എൽ.ജെ.പി ഇത്തവണ ബഹദൂർഗഞ്ചിൽ മുഹമ്മദ് മാലിമുദ്ദീൻ എന്ന ഒറ്റ മുസ്‍ലിം സ്ഥാനാർഥിയെ മാത്രമേ നിർത്തിയിട്ടുള്ളൂ. അതേസമയം, ഒറ്റ സ്ഥാനാർഥിയെ പോലും ബി.ജെ.പി പരിഗണിച്ചില്ല. കിഷൻഗഞ്ചിലെ ഒരു സീറ്റിൽ മുസ്‍ലിം സ്ഥാനാർഥിയെ നിർത്തുന്നതിനെക്കുറിച്ച് നേരത്തെ ആലോചിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനം മാറ്റിയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സർക്കാറിന്റെ ക്ഷേമ പദ്ധതികൾക്കും മെച്ചപ്പെട്ട ക്രമസമാധാന നിലക്കും വോട്ട് ചെയ്യാൻ സമുദായ അംഗങ്ങളോട് അഭ്യർഥിക്കുമെന്ന് പാർട്ടിയുടെ മുസ്‍ലിം നേതാക്കൾ പറഞ്ഞു.
മറ്റ് രണ്ട് എൻ.ഡി.എ ഘടകകക്ഷികളായ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച(ആർ.എൽ.എം), ജിതിം റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവയൊന്നും ഒരു മുസ്‍ലിം സ്ഥാനാർഥിയെയും നിർത്തിയിട്ടില്ല. 2020ലെ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐഎമ്മുമായി സഖ്യത്തിലായ ആർ.എൽ.എം 99 സീറ്റുകളിൽ മത്സരിച്ചിരുന്നു. അന്ന് അവർ അഞ്ച് മുസ്‍ലിംകളെ നിർത്തി. എന്നാൽ, ഇതുവരെ മത്സരിച്ച രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ജിതിം റാം മാഞ്ചി ഒരൊറ്റ മുസ്‍ലിം സ്ഥാനാർഥിയെയും നിർത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.