ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നു. എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ജി.എസ്.ടി, നോട്ട് പിൻവലിക്കൽ പോലുള്ള വിഷയങ്ങളും കുട്ടികൾക്ക് പഠനവിഷയമാവുമെന്നാണ് റിപ്പോർട്ടുകൾ.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയാറാക്കിയ പാഠപുസ്കങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള വിവരങ്ങൾ രാജസ്ഥാൻ സർക്കാർ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ആരോപണം ഉയർന്നിരുന്നു. ഹരിയാന ആർ.എസ്.എസ് നേതാവായ ദിനനാഥ് ബത്രയുടെ ചിന്തകളും പുസ്തകങ്ങളിൽ ഇടം പിടിച്ചിരുന്നു.
പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായി എൻ.സി.ഇ.ആർ.ടി അറിയിച്ചു. സി.ബി.എസ്.ഇ സ്കൂളുകളിലും കേന്ദ്ര വിദ്യാലയങ്ങളിലും എൻ.സി.ഇ.ആർ.ടിയുടെ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് മുമ്പ് 2005ലാണ് അവസാനമായി പുസ്തകങ്ങൾ പരിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.