ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ലക്ഷ്യമിട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) യും. അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്നുകടത്ത് കേസ് അന്വേഷിക്കുന്ന എൻ.സി.ബി സംഘം ശനിയാഴ്ച ബംഗളൂരു ഇ.ഡി ഒാഫിസിലെത്തി വിവരം തേടി.
ബിനീഷിനെ ഇ.ഡി ചോദ്യംചെയ്യുന്നതിനിടെ വൈകീട്ട് അഞ്ചരയോെടയാണ് സോണൽ ഡയറക്ടർ അമിത് ഘവാെട്ടയുടെ നേതൃത്വത്തിൽ മൂന്ന് ഉദ്യോഗസ്ഥർ എത്തിയത്. ഇവർ രണ്ടര മണിക്കൂറോളം വിവരങ്ങൾ തേടി. കേസിൽ ബിനീഷിനെ പ്രതിചേർക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഈ നീക്കം. വൈകാതെ എൻ.സി.ബി കേസെടുത്ത് കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച ബിനീഷിനെ കോടതിയിൽ ഹാജരാക്കും.
എൻ.സി.ബി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ കണ്ണൂർ സ്വദേശിയായ ജിംറീൻ ആഷി പിടിയിലാവാനുണ്ട്. മുഖ്യഇടപാടുകാരിയായ അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് ജിംറീൻ ആഷിയാണെന്ന് അനൂപ് മൊഴി നൽകിയിരുന്നു. ബിനീഷിെൻറ അറിവോടെയാണ് അനൂപിെൻറ മയക്കുമരുന്ന് ഇടപാടുകളെന്ന് തെളിഞ്ഞാൽ എൻ.സി.ബി അറസ്റ്റിലേക്ക് നീങ്ങും.
ബിനീഷിനെ തുടർച്ചയായ മൂന്നാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുകയാണ്. പല ഘട്ടങ്ങളിലായി അനൂപിന് വൻ തുക ബിനീഷ് ൈകമാറിയെന്നാണ് കണ്ടെത്തൽ. ചോദ്യങ്ങളോട് ബിനീഷ് ഒഴിഞ്ഞുമാറുന്നത് ഇ.ഡിയെ കുഴക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ രാഹുൽ സിൻഹയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിെല പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടരക്കാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.