നവാബ് മാലിക് 

ആഡംബര കപ്പലിലെ റെയ്ഡിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്ട്ര മന്ത്രി; അറസ്റ്റിലായവരുടെ മേൽ കുറ്റം ചുമത്താൻ നീക്കമെന്ന്

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയെന്നത് വ്യാജമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. പരിശോധനയിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ എട്ട് പേരെ ഈ സംഭവത്തിൽ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു.

'കപ്പലിൽ വെച്ച് ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ല. പുറത്തുവിട്ട എല്ലാ ഫോട്ടോയും എടുത്തിരിക്കുന്നത് എൻ.സി.ബി ഓഫിസിൽ വെച്ചാണ്' -മന്ത്രി പറഞ്ഞു. കേസിൽ അറസ്റ്റിലായവരുടെ മേൽ കുറ്റം ചുമത്താനാണ് എൻ.സി.ബി നീക്കമെന്നും ബി.ജെ.പിയുമായി ബന്ധപ്പെട്ട ചിലരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ആര്യൻ ഖാനെ മുംബൈ‍‍യിലെ എൻ.സി.ബി ഓഫിസിലേക്ക് കൊണ്ടുവന്നത് കെ.പി. ഗോസാവി എന്നയാളാണെന്ന് ചിത്രങ്ങളിൽ കാണാമെന്ന് മന്ത്രി പറഞ്ഞു. ആര്യനൊപ്പം ഗോസാവി സെൽഫിയെടുത്തിട്ടുമുണ്ട്. എന്നാൽ, ഇയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് എൻ.സി.ബി പറയുന്നത്. എൻ.സി.ബി ഓഫിസിൽ ഗോസാവിക്ക് എന്താണ് കാര്യമെന്ന് അവർ വ്യക്തമാക്കണം.

മനീഷ് ബനുഷാലി എന്നയാളാണ് ആര്യൻ ഖാന്‍റെ സുഹൃത്തായ അർബാസ് മർച്ചന്‍റിനെ എൻ.സി.ബി ഓഫിസിലേക്ക് കൊണ്ടുവന്നത്. ഇത് വിഡിയോയിൽ കാണാം. ബി.ജെ.പിയുടെ ഉപഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ഇയാൾ. മോദിക്കും നഡ്ഡക്കും ഫഡ്നാവിസിനുമൊപ്പമുള്ള ചിത്രങ്ങൾ ഇയാളുടെ സമൂഹമാധ്യമ പ്രൊഫൈലിൽ കാണാമെന്നും മന്ത്രി പറഞ്ഞു.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ പിടികൂടിയതെന്നാണ് എൻ.സി.ബി പറഞ്ഞത്. ഇവരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ​ പിടികൂടിയതായും അറിയിച്ചിരുന്നു​. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

എന്നാൽ, ആര്യൻ ഖാന്‍റെ കൈയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്നാണ് എൻ.സി.ബി പിന്നീട് കോടതിയിൽ പറഞ്ഞത്. അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധം തെളിയിക്കുന്ന ചാറ്റുകൾ ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന്് എൻ.സി.ബി അവകാശപ്പെട്ടു. ആര്യൻ ഉൾപ്പെടെ കേസിലെ പ്രതികളെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

Tags:    
News Summary - NCB didnt seize any drugs during raid on cruise liner Nawab Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.