ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസ് ‘ശരിക്കും വിചിത്രമായ’ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രതിനിധാനംചെയ്ത മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു തന്റെ വാദങ്ങൾ അവതരിപ്പിച്ച ശേഷമാണ് സിങ്വി എതിർവാദം തുടങ്ങിയത്. ഇതു ശരിക്കും വിചിത്രമായ കേസാണ്. സ്വത്ത് ഇല്ലാതെ, സ്വത്തിന്റെ ഉപയോഗമോ ഇടപാടോ ഇല്ലാതെ, കള്ളപ്പണം വെളുപ്പിക്കൽ കേസാണിതെന്നത് അതിലും വിചിത്രമാണെന്ന് സിങ്വി വാദിച്ചു.
സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നെഹ്റു കുടുംബം നാഷനൽ ഹെറാൾഡ് പ്രസാധക സ്ഥാപനമായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്നാണ് ഇ.ഡിയുടെ വാദം. യങ് ഇന്ത്യ കമ്പനി പൂർണമായും നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നതും ഇ.ഡി ചൂണ്ടിക്കാട്ടി. മറ്റ് ഓഹരി ഉടമകളുടെ മരണശേഷം 100 ശതമാനവും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തെന്നും സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. യങ് ഇന്ത്യയിൽ 90 കോടി രൂപയുടെ വായ്പക്ക് പകരമായി എ.ജെ.എല്ലിന്റെ ആസ്തികൾ വഞ്ചനപരമായി തട്ടിയെടുത്തെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.