ന്യൂഡല്‍ഹി: 64-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശൻ ജൂറി ചെയർമാനായ ആറംഗ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. രാവിലെ 11.30-ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. മഹേഷിന്‍റെ പ്രതികാരം, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോൾ തുടങ്ങിയ പത്ത് മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. പിന്നെയും, മഹേഷിന്‍റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ സാങ്കേതിക മികവടക്കമുള്ള മേഖലയിലും പുരസ്ക്കാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. അമിതാഭ് ബച്ചന്‍ നായകനായി എത്തിയ ടീ.ത്രീ.എന്‍, പിങ്ക്, ആമിര്‍ഖാന്‍റെ ദങ്കല്‍, അക്ഷയ്കുമാര്‍ ചിത്രം എയര്‍ലിഫ്റ്റ്, നസിറുദ്ദീന്‍ ഷായുടെ വെയ്റ്റിങ് തുടങ്ങിയ ചിത്രങ്ങളാണ് ബോളീവുഡില്‍ നിന്ന് അവാര്‍ഡ് പ്രതീക്ഷയിലുള്ളത്. മികച്ച നടനുള്ള മത്സരത്തില്‍ കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍ അവസാനറൌണ്ടിലുണ്ട്. പക്ഷേ, ദങ്കലിലെ പ്രകടനത്തിന് ആമിര്‍ ഖാനും ടീ ത്രീ എന്‍, പിങ്ക് എന്നീ ചിത്രങ്ങളിലൂടെ അമിതാഭ് ബച്ചനും വെയിറ്റിംഗ്, രമണ്‍ രാഘവ് എന്നീ ചിത്രങ്ങളിലൂടെ നസിറുദ്ദീന്‍ ഷായും അവസാനപട്ടികയിലുണ്ട്. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള പുരസ്‌കാരം പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്‌ന് ലഭിച്ചേക്കും.
വിധിനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്‍ശന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യനായിഡുവിന് കൈമാറി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കനത്ത മത്സരമാണ് പ്രാദേശിക സിനിമകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.