മുംബൈ: നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമണ-മതംമാറ്റ കേസ് കെട്ടിച്ചമച്ചതാണെന്നും നാസികിലെ ‘ആൾ ദൈവ’ത്തിന് എതിരായ കേസിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി, പ്രണയവഞ്ചന കേസിലേക്ക് ചില വർഗീയ സ്വഭാവമുള്ള കേസുകൾ കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ആരോപണം. കേസിൽ അറസ്റ്റിലായവരുടെയും ഒളിവിൽ പോയെന്ന് പൊലീസ് അവകാശപ്പെട്ട നിത ഖാന്റെയും ബന്ധുക്കളാണ് ആരോപണമുന്നയിച്ചത്. ബജ്റങ്ദൾ കെട്ടിച്ചമച്ച കേസാണിതെന്ന്, അറസ്റ്റിലായ യുവാവിന്റെ ബന്ധു ആരോപിക്കുന്നു.
‘എച്ച് ആർ മാനേജറായ’ നിത ഖാനാണ് മുഖ്യപ്രതിയെന്നും അവർ ഒളിവിലാണെന്നുമാണ് വാർത്തകൾ വന്നത്. എന്നാൽ, നിതയുടെ പിതാവ് ഇക്കാര്യം നിഷേധിച്ചു. ഗർഭിണിയായ മകൾ ഒളിവിലല്ലെന്നും മുംബ്രയിലെ ഭർതൃവീട്ടിലാണെന്നും പറഞ്ഞ പിതാവ്, നിത എച്ച്.ആർ മാനേജറല്ലെന്നും ടി.സി.എസിന്റെ നാസിക് ബി.പി.ഒയിൽ ‘പ്രൊസസ് അസോസിയേറ്റ്’ ആണെന്നും കൂട്ടിച്ചേർത്തു.
മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാനിരിക്കുകയാണെന്നും പരാതിക്കാരുമായി നിതക്ക് നേരിട്ട് ബന്ധമില്ലെന്നും നിതയുടെ അഭിഭാഷകൻ ബാബ സയ്യിദ് അവകാശപ്പെട്ടു.
മതവികാരം വ്രണപ്പെടുത്തിയെന്നതു മാത്രമാണ് നിതക്കെതിരെ എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. ഇതിനിടെ, നിത ഖാന്റെ ഭർത്താവിനെ നാസിക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എ.ടി.എസ്) വെള്ളിയാഴ്ച ചോദ്യംചെയ്തു.
ലൈംഗികാതിക്രമണ, മതമാറ്റവുമായി ബന്ധപ്പെട്ട ‘രാഷ്ട്രീയ പ്രവർത്തകന്റെ’ രഹസ്യ പരാതിയിൽ രഹസ്യാന്വേഷണം നടത്തിയശേഷമാണ് നടപടികൾ എടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഡാനിഷ് ശൈഖ് എന്ന ജീവനക്കാരനെതിരെ, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു, മതംമാറ്റത്തിന് നിർബന്ധിച്ചു എന്നീ ആരോപണങ്ങളുന്നയിച്ച് ഒരു ജീവനക്കാരി പരാതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് മറ്റു കാര്യങ്ങൾ പുറത്തായതെന്നും പൊലീസ് അവകാശപ്പെടുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നു, മാംസാഹാരം കഴിക്കാൻ നിർബന്ധിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, ലൈംഗികാതിക്രമങ്ങൾ നടത്തുന്നു എന്നിങ്ങനെ പരാതികളുമായി ഏഴു പേർകൂടി രംഗത്തുവന്നു.
പരാതി നൽകാൻ പൊലീസ് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. അറസ്റ്റിലായ മുസ്ലിം യുവാക്കൾ സംഘടിതമായി ഹിന്ദു യുവതികളെ വലയിലാക്കി മതമാറ്റത്തിന് ശ്രമിച്ചെന്നാണ് പിന്നെ വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ, പ്രണയ വഞ്ചന കേസിലേക്ക് മറ്റു കേസുകൾ കൂട്ടിച്ചേർത്ത് വർഗീയ നിറം നൽകുകയായിരുന്നുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.