കൂറ്റൻ തിരമാലയിൽപ്പെട്ട് സ്പീഡ് ബോട്ടിൽ നിന്ന് തെറിച്ചുവീണു; സൗരവ് ഗാംഗുലിയുടെ ബന്ധുക്കൾക്ക് പുരി കടലിൽ ഭീകരാനുഭവം

ഭുവനേശ്വർ: 10 നില കെട്ടിടം വരെ ഉയരത്തിൽ കുതിച്ചെത്തിയ ഒരു തിരമാലയിൽ നിന്ന് രക്ഷ​പ്പെട്ടതി​ന്‍റെ ആശ്വാസത്തിലും നടുക്കത്തിലാണ് മുൻ ബംഗാൾ ​ക്രിക്കറ്ററും സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനുമായ സ്നേഹാശിഷ് ​​ഗാംഗുലിയും ഭാര്യ അർപിതയും.

പുരി സന്ദർശനത്തിനിടെ ബീച്ചിൽ നിന്ന് 200 മീറ്റർ അകലെ കടൽഭാഗത്ത് സ്പീഡ് ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. കൂറ്റൻ തിരമാലയിൽ സ്പീഡ് ബോട്ട് മറിഞ്ഞെങ്കിലും ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടി.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുകൂടിയായ 59കാരൻ സ്നേഹാശിഷും ഭാര്യയും മറ്റ് രണ്ട് വിനോദസഞ്ചാരികളും സ്പീഡ് ബോട്ട് ഡ്രൈവറും കടലിലേക്ക് എടുത്തെറിയപ്പെട്ട് മറിഞ്ഞ ബോട്ടിനടിയിൽ കുടുങ്ങി ശ്വസിക്കാൻ പ്രയാസപ്പെട്ടു. ലൈഫ് ഗാർഡുകൾ അതിവേഗം പ്രവർത്തിച്ച് എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നാല് വിനോദസഞ്ചാരികളും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ ഗാംഗുലി ദമ്പതികള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും തിങ്കളാഴ്ചയാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലൂടെ പുറത്തറിഞ്ഞത്.

കടലി​ന്‍റെ ദുർഘടമായ ഭാഗത്തുള്ള ഒരു സവാരിക്ക് സഞ്ചാരികളെ ആകർഷിച്ച് സ്പീഡ് ബോട്ട് ഓപ്പറേറ്റർ വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കിയതായി സംഭവത്തിനു ശേഷം അർപിത ആരോപിച്ചു.  കടല്‍ പ്രക്ഷുബ്ധമായതിനാല്‍ സ്പീഡ് ബോട്ട് യാത്ര നടത്തുന്നത് ഉചിതമാണോ എന്ന് താന്‍ ബോട്ട് ഓപ്പറേറ്ററോട് ചോദിച്ചപ്പോള്‍ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയെന്ന് പുരിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അർപിത പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘അപ്രതീക്ഷിതമായി കടലില്‍ 10 നില കെട്ടിടത്തി​ന്‍റെ ഉയരമുള്ള ഒരു തിരമാല ഞങ്ങളുടെ മേല്‍ വീണു. ബോട്ട് മറിഞ്ഞു. ഞാന്‍ ബോട്ടിനടിയില്‍ കുടുങ്ങിപ്പോയി. ശ്വസിക്കാന്‍ ബുദ്ധിമുട്ടി’- അർപിത ത​ന്‍റെ ഭയാനകമായ അനുഭവം വിവരിച്ചു.

‘ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. ആരോ എന്റെ കാലില്‍ പിടിച്ചു. ഭാഗ്യവശാല്‍ ഞാന്‍ രക്ഷപ്പെട്ടു. ഭയാനകമായിരുന്നു അത്. സ്പീഡ് ബോട്ട് ഉടമകളെ വിനോദസഞ്ചാരികളുടെ ജീവന്‍ കൊണ്ട് കളിക്കാന്‍ അനുവദിക്കരുത്. പണത്തോടുള്ള അത്യാഗ്രഹം കൊണ്ടാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്. കൂടുതൽ പണം സമ്പാദിക്കുന്നതിനായി 10 പേരെ വഹിക്കാൻ കഴിയുന്ന മുഴുവൻ ബോട്ടും ബുക്ക് ചെയ്യാൻ ഓപ്പറേറ്റർ നാലു പേരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും’ അർപിത പറഞ്ഞു. സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുകയും പ്രക്ഷുബ്ധമായ കടലിൽ അത്തരം പ്രവർത്തനങ്ങൾ നിരോധിക്കുകയും വേണമെന്നും അവർ പറഞ്ഞു.

ലൈറ്റ്ഹൗസ് പ്രദേശത്തിന് സമീപമുള്ള സോണാർ ബംഗ്ലാ ഹോട്ടലിന് മുന്നിലുള്ള ബീച്ചിൽ വെച്ചാണ് അപകടം നടന്നത്. ഈ ഭാഗത്തെ കടൽ എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. വിനോദസഞ്ചാരികൾ ഇവിടെ ബോട്ട് യാത്ര നടത്തരുതെന്ന നിർദേശമുണ്ട്. എന്നിട്ടും നിരവധി പ്രമുഖ ഹോട്ടലുകളുടെ സാമീപ്യം കാരണം ബീച്ചി​ന്‍റെ ഈ ഭാഗത്ത് വിനോദസഞ്ചാരികൾ നിറഞ്ഞിരിക്കുന്നുവെന്നും സ്വകാര്യ വാട്ടർ സ്‌പോർട്‌സും ബോട്ടിങ് കമ്പനികളും ഈ അപകടകരമായ ഭാഗത്ത് സ്പീഡ് ബോട്ട് യാത്രക്ക് അവരെ ആകർഷിക്കുന്നുവെന്നും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.

ഈ ഭാഗത്ത് ബോട്ട് സവാരിക്ക് ഔദ്യോഗിക നിരോധനം ഇല്ലെങ്കിലും ബീച്ചി​ന്‍റെ മറ്റ് ഭാഗങ്ങളിൽ ടൂറിസ്റ്റ് സവാരികൾക്കായി ഓപ്പറേറ്റർമാർക്ക് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അവരിൽ ഭൂരിഭാഗവും മാർഗനിർദേശങ്ങൾ ലംഘിക്കുന്നു. കൂടാതെ സ്ഥലത്ത് ലൈഫ് ഗാർഡുകളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് ലംഘനങ്ങൾ സ്ഥിരമായി മാറിയിരിക്കുന്നു എന്നാണ്.

ഇന്ധനം ലാഭിക്കാൻ ചെറിയ ബോട്ടുകൾ മുഴുവനായി റിസർവ് ചെയ്യണമെന്ന് നിർബന്ധിക്കുന്നത് ഓപ്പറേറ്റർമാർക്കിടയിൽ സാധാരണമാണെന്ന് ഒരു ലൈഫ് ഗാർഡ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.