നാരായണ മൂർത്തി

'ജോലി സമയം വ്യക്തിപരമായ തീരുമാനം'; വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി നാരായണ മൂർത്തി

ന്യൂഡൽഹി: 70 മണിക്കൂർ ജോലിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എത്ര സമയം ജോലിചെയ്യണമെന്നത് വ്യക്തിപരമാണെന്നും അവ പൊതു ചർച്ചക്ക് യോഗ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എം.സിയുടെ കിലാചന്ദ് മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിക്കവെയാണ് നാരായണമൂർത്തി ഇക്കാര്യം വ്യക്തമാക്കിയത്.

"ചർച്ച ചെയ്യേണ്ടതായ വിഷയങ്ങളല്ല ഇവ. ഒരാൾക്ക് ആത്മപരിശോധന നടത്താനും ഉൾക്കൊള്ളാനും കഴിയുന്ന വിഷയങ്ങളാണിവ. ഞാൻ രാവിലെ 6:20 ന് ഓഫിസിൽ എത്തുകയും രാത്രി 8:30 ന് പോകുകയും ചെയ്യുമായിരുന്നു. 40 വർഷം ഞാനത് തുടർന്നു, അത് ഒരു വസ്തുതയാണ്. അത് തെറ്റാണെന്ന് ആർക്കും പറയാനാവില്ല" -മൂർത്തി പറഞ്ഞു

സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജോലിസമയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. വിവാദ വിഷയത്തിൽ അദ്ദേഹത്തെ വിമർശിച്ച് സാമ്പത്തിക മേഖലയിൽ നിന്നുൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.

90 മണിക്കൂർ വർക്ക് വീക്കിനെ പിന്തുണച്ചുകൊണ്ട് ലാർസൻ ആൻഡ് ടൂബ്രോ (എൽ.ആൻഡ്.ടി) ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെയാണ് നീണ്ട ജോലി സമയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം.

വിദേശ രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ പ്രതിവാരം 70 മണിക്കൂർ ജോലി ചെയ്യണമെന്നൈയിരുന്നു ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ പരാമർശം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉത്പാദനക്ഷമത കുറവാണെന്നും പാശ്ചാത്യരിൽ നിന്നും ആവശ്യമായ കഴിവുകൾ സ്വീകരിക്കുന്നതിലും അനാവശ്യ സംസ്കാരങ്ങൾ സ്വീകരിച്ച് രാജ്യത്തെ സേവിക്കാതിരിക്കുകയാണ് ഇന്നത്തെ യുവാക്കളുടെ രീതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'ദി റെക്കോർഡ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.

Tags:    
News Summary - Narayana Murthy clarifies controversial remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.