യു.പിയിൽ അഅ്സംഗഢിലും പേരുമാറ്റി വോട്ടുകൊള്ള; സ്ഥിരീകരിച്ച് കമീഷൻ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പിലിഭിത്തിന് പുറമെ, അഅ്സംഗഢിലും വോട്ടർമാരുടെ പേരുമാറ്റിയുള്ള വോട്ടുകൊള്ളയെ കുറിച്ച് സമാജ്വാദി പാർട്ടി വാർത്തസമ്മേളനത്തിൽ ഉന്നയിച്ച പരാതി ശരിയെന്ന് തെളിഞ്ഞതായി കമീഷൻ. തുടർന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും അഞ്ച് ബൂത്ത് ലെവൽ ഓഫിസർമാരെയും (ബി.എൽ.ഒ) വോട്ടർപട്ടിക തയാറാക്കൽ ജോലിയിൽനിന്ന് ഉടൻ മാറ്റാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. ഇതിനെ തുടർന്ന് അഅ്സംഗഢ് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടികകൾ വിശദമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
അഅ്സംഗഢ് 347-ം നിയമസഭാ മണ്ഡലത്തിന്റെ വോട്ടർപട്ടികയിൽ ‘വികാസ് യാദവ്’ എന്ന പേരുള്ള ഒരേ വ്യക്തിയുടെ പേര് 10 തവണ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിൽ ‘വികാസ് യാദവ്’ എന്ന പേര് ആകെ 13 തവണ രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കി.
അന്വേഷണത്തിൽ, സമാന പേരും പിതാവിന്റെ പേരുമുള്ള ഒരു വോട്ടർ ഗോരഖ്പൂർ ജില്ലയിലെ ചൗരിചൗര മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നും കണ്ടെത്തി. ബാക്കിയുള്ളതിൽ രണ്ട് പേരുകൾ മുമ്പുതന്നെ ഒഴിവാക്കിയിരുന്നുവെന്നും ശേഷിക്കുന്ന 11 എൻട്രികളും അഅ്സംഗഢ് ജില്ലയിലെ 11 വ്യത്യസ്ത വ്യക്തികളുടേതാണെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് മറ്റ് 10 പേരുടെ ശരിയായ പേരും വിവരങ്ങളും തിരുത്തുന്നതിനായി ഫോറം-എട്ട് പൂരിപ്പിക്കുന്ന നടപടി ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
സംഭവത്തിന് ഉത്തരവാദികളായ കമ്പ്യൂട്ടർ അസിസ്റ്റന്റിനും അഞ്ച് ബൂത്ത് ലെവൽ ഓഫിസർമാർക്കും സേവനത്തിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, ജനപ്രാതിനിധ്യ നിയമം, 1950ലെ 32ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് ഇവർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വിശദീകരണം തേടി നോട്ടീസ് നൽകാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.