ഹര്‍മിന്ദര്‍ സിങ്: പഞ്ചാബിന്‍െറ ഉറക്കം കെടുത്തിയ തീവ്രവാദി

പട്യാല: തീവ്രവാദം, കൊലപാതകശ്രമം, വ്യാജരേഖ ചമക്കല്‍, ചാരവൃത്തി...ഞായറാഴ്ച പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് രക്ഷപ്പെട്ട ഹര്‍മിന്ദര്‍ സിങ് എന്ന മിന്‍റുവിന് കേസുകളും വിശേഷണങ്ങളും ഏറെയാണ്. അതുകൊണ്ടുതന്നെ മിന്‍റുവിനെയും കൂട്ടരെയും ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയത് അതീവ ജാഗ്രതയോടെയാണ് രാജ്യം വീക്ഷിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി പഞ്ചാബിന്‍െറ ഉറക്കം കെടുത്തിയ തീവ്രവാദിയാണ് ഹര്‍മിന്ദര്‍ സിങ്. സിഖ് തീവ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സിന്‍െറ തലപ്പത്തത്തെിയതോടെയാണ് 49കാരനായ മിന്‍റു രാജ്യത്തിന്‍െറ ശ്രദ്ധയില്‍പെടുന്നത്. 2008ല്‍ ദെരാ സച്ചാ സൗദയുടെ ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിങ്ങിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം പത്ത് തീവ്രവാദ കേസുകളുമായാണ് മിന്‍റു ഇന്ത്യയില്‍നിന്ന് മുങ്ങിയത്. ഇതിനിടെ ശിവസേന നേതാക്കള്‍ക്ക് നേരെയും വധശ്രമം നടത്തി.

കേസുകള്‍ കുന്നുകൂടിയപ്പോള്‍ നാടുവിട്ട ഇയാള്‍ ഗുര്‍ദീപ് സിങ് എന്നപേരില്‍ ലോകം ചുറ്റി. നാടുവിട്ടെങ്കിലും ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് വഴി മിന്‍റുവിന്‍െറ സാന്നിധ്യം പഞ്ചാബില്‍ പ്രകടമായിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം മിന്‍റുവിന് ലഭിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തേ മുതല്‍ ആരോപിച്ചിരുന്നു. ഇയാള്‍ക്ക് ലോകം ചുറ്റാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് പാകിസ്താനാണെന്ന് കരുതുന്നു. 2010ഓടെ യൂറോപ്പിലത്തെിയ മിന്‍റു ഇറ്റലി, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു.

പിന്നീട് പാകിസ്താനില്‍ തിരിച്ചത്തെിയെങ്കിലും 2013ഓടെ വീണ്ടും യൂറോപ്പിലത്തെി. തായ്ലന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയിലെ നീക്കങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഖാലിസ്താന്‍ ലിബറേഷന്‍ മൂവ്മെന്‍റിനുള്ള പണം തായ്ലന്‍ഡ് വഴി ഇന്ത്യയിലത്തെി. 2014ല്‍ തായ്ലന്‍ഡ് സര്‍ക്കാര്‍ പിടികൂടി നാട് കടത്തിയതോടെയാണ് ഇയാള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നത്.

ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ മടങ്ങിയത്തെിയ ഉടന്‍ മിന്‍റുവിനെ പിടികൂടി ജയിലിലടച്ചു. കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ മിന്‍റുവിന് നെറ്റ്വര്‍ക്ക് ഉണ്ടെന്നാണ് കരുതുന്നത്. എവിടെപ്പോയാലും സ്ഥിരമായി പാകിസ്താനില്‍ സാന്നിധ്യമറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗുണ്ടാ നേതാവായ സുഖ കാലോണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വിക്കി ഗോണ്ടറും ഞായറാഴ്ച രക്ഷപ്പെട്ട സംഘത്തിലുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകും വഴി ഗോണ്ടറും സംഘവും ചേര്‍ന്ന് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സുഖ കാലോണിനെ വകവരുത്തിയത്.

Tags:    
News Summary - nabha jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.